ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്‌ഐആര്‍ ) നടപടികള്‍ നീട്ടണമെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാന്‍ കേരളത്തോട് സുപ്രീം കോടതി.
നിവേദനം ലഭിച്ചാല്‍ അനുഭാവപൂര്‍ണമായ തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചു. എസ്ഐആര്‍ നടപടികള്‍ മൂന്നാഴ്ചയെങ്കിലും നീട്ടി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
കേരളത്തില്‍ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കുന്നത് അടക്കമുള്ള നടപടികള്‍ ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍ ഏതാണ്ട് 25 ലക്ഷത്തോളം പേര്‍ പട്ടികയ്ക്ക് പുറത്താണ്.
ഈ സാഹചര്യത്തില്‍ എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ രണ്ടോ മൂന്നോ ആഴ്ചയെങ്കിലും നീട്ടി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ തിയതി ഇനിയും നീട്ടി നല്‍കാനാവില്ലെന്ന് വാദത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകന്‍ പറഞ്ഞു. അപ്പോഴാണ് കേരളത്തിന്റെ സാഹചര്യം വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.
കേസ് ജനുവരി ആറിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. എസ്ഐആര്‍ പൂര്‍ത്തിയാക്കി ബംഗാള്‍ അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചിരുന്നു.