'മോഡി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയാറായില്ല'; മുന്നണി ഏതായാലും കര്‍ഷകരുമായി സംവദിക്കാന്‍ തയാറാകണമെന്ന് രാകേഷ് ടികായത്ത്

 'മോഡി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയാറായില്ല'; മുന്നണി ഏതായാലും കര്‍ഷകരുമായി സംവദിക്കാന്‍ തയാറാകണമെന്ന് രാകേഷ് ടികായത്ത്

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ഏത് മുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അവര്‍ കര്‍ഷകരുമായുള്ള സംവാദത്തിന് തയാറാകണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അടുത്ത സര്‍ക്കാര്‍ രൂപീകരിരണവുമായി മുന്നോട്ട് പോകവേയാണ് ടികായത്തിന്റെ പരാമര്‍ശം.

രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നവര്‍ ആരായാലും അവര്‍ ചര്‍ച്ചകള്‍ക്ക് തയാറാകണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു. മുസാഫര്‍നഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്‌കെഎം) ഭാഗമാണ് ഭാരതീയ കിസാന്‍ യൂണിയന്‍.

2021 ജനുവരി 22 ന് ശേഷം മോഡി സര്‍ക്കാര്‍ കര്‍ഷകരുമായി സംസാരിക്കാന്‍ തയാറായിരുന്നില്ല. പിന്നീട് 2022, 23 തുടങ്ങിയ വര്‍ഷങ്ങളിലും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇത് 2024 ആയിരിക്കുന്നുവെന്നും ടിക്കായത്ത് ഓര്‍മിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സജ്ജീവ് ബല്യാന്‍, അജയ് മിശ്ര എന്നീ കേന്ദ്ര മന്ത്രിമാരെയും ടിക്കായത്ത് രൂക്ഷമായി വിമര്‍ശിച്ചു.

എന്‍ഡിഎയ്ക്ക് പിന്തുണ നല്‍കുന്ന ജെഡിയു നേതാവ് നിതീഷ് കുമാറിനെയും ടിക്കായത്ത് പരിഹസിച്ചു. നേട്ടം ലഭിക്കുന്നയിടം നോക്കി കൂടുമാറുന്നയാളാണ് നിതീഷ്. കള്ളന്മാരെ തന്നെ കൊള്ളയടിക്കുക എന്നത് വലിയ കുറ്റമല്ലെന്നും ആ വിഷയത്തില്‍ നിതീഷ് മികച്ച രീതിയില്‍ വിലപേശുമെന്നുമായിരുന്നു ടിക്കായത്തിന്റെ വിമര്‍ശനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.