ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം 7.15 ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്ര മോഡിയെ കൂടാതെ സഖ്യകക്ഷികളില്‍ നിന്നടക്കം 30 ഓളം പേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
രാഷ്ട്രത്തലവന്‍മാര്‍, മതമേലധ്യക്ഷന്‍മാര്‍, ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ റാറ്റ് മൈനേഴ്സ്, വന്ദേഭാരത് ട്രെയിന്‍ നിര്‍മ്മിക്കുന്ന റെയില്‍വേ ജീവനക്കാര്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, വികസിത് ഭാരത് അംബാസഡര്‍മാര്‍ തുടങ്ങി എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങില്‍ പങ്കെടുക്കുക.
ടിഡിപിക്കും ജെഡിയുവിനും ഒരു ക്യാബിനറ്റ് മന്ത്രിയും രണ്ട് സഹമന്ത്രിമാരും ഇരു സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ സഹായ പാക്കേജുകളുമാണ് വാഗ്ദാനം. എല്‍ജെപി, ശിവസേന, എന്‍സിപി, ജെഡിഎസ്, അപ്നാദള്‍ എന്നിവര്‍ക്ക് ഒരു ക്യാബിനറ്റ് മന്ത്രി അല്ലെങ്കില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയെ ലഭിച്ചേക്കും. ജനസേനയ്ക്ക് സഹമന്ത്രിയും. ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയ്ക്കും മികച്ച പരിഗണന ലഭിച്ചേക്കും.
മൂന്നാമത് എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വേളയില്‍ ഇത്തവണ വിദേശ പ്രാധിനിത്യം കൂടുതലാണ്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍, ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക്, മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവര്‍ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിന്റെ ഭാഗമാകാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സെയ്‌ഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫും ഡല്‍ഹിയില്‍ ഇന്നലെ എത്തിച്ചേര്‍ന്നു.