ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്ത് മോഡി; ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധി ഫയലില്‍; 20,000 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക്

ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്ത് മോഡി; ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധി ഫയലില്‍; 20,000 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക്

ന്യൂഡല്‍ഹി: മൂന്നാം വട്ടം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്ര മോഡി ആദ്യം ഒപ്പുവച്ചത് കിസാന്‍ നിധി പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിനുള്ള ഫയലില്‍. ഇരുപതിനായിരം കോടി രൂപയോളമാണ് പിഎം കിസാന്‍ നിധി പ്രകാരം വിതരണം ചെയ്യുന്നത്. രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് ഫയലില്‍ ഒപ്പുവച്ച ശേഷം പ്രധാന മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ആദ്യം ഒപ്പിടുന്ന ഫയലായി പിഎം കിസാന്‍ നിധിയെ തെരഞ്ഞെടുത്തത്. വരും ദിവസങ്ങളില്‍ കൃഷിയുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി കൂടുതല്‍ തീരുമാനങ്ങളുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് മോഡി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 72 അംഗം മന്ത്രിസഭയും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ബിജെപിക്ക് വടക്കേ ഇന്ത്യയില്‍ സീറ്റ് കുറഞ്ഞതിന് മുഖ്യ കാരണം കര്‍ഷകര്‍ക്കിടയിലെ അതൃപ്തിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രി പിഎം കിസാന്‍ നിധി ഫയലില്‍ ഒപ്പുവച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.