സ്പീക്കര്‍ തിരഞ്ഞെടുപ്പിൽ ടിഡിപി മത്സരിച്ചാല്‍ ഇന്ത്യാ മുന്നണി പിന്തുണക്കും; ബിജെപിയെ പദവിയിൽ നിന്ന് അകറ്റി നിർത്തുക ലക്ഷ്യം

സ്പീക്കര്‍ തിരഞ്ഞെടുപ്പിൽ ടിഡിപി മത്സരിച്ചാല്‍ ഇന്ത്യാ മുന്നണി പിന്തുണക്കും; ബിജെപിയെ പദവിയിൽ നിന്ന് അകറ്റി നിർത്തുക ലക്ഷ്യം

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം തുടങ്ങാനിരിക്കെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കായി ചർച്ചകൾ ആരംഭിച്ച് എൻഡിഎ സഖ്യ കക്ഷികളും ഇന്ത്യാ മുന്നണിയും. സ്പീക്കർ പദവി തങ്ങൾക്ക് നൽകണമെന്ന് ജെഡിയുവും ടിഡിപിയും ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകണമെന്നാണ് ഇന്ത്യാ മുന്നണിയുടെ നിലപാട്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയില്ലെങ്കിൽ സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർഥിയെ നിർത്താനാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം.

സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പല വഴികൾ തേടുകയാണ് പ്രതിപക്ഷം. എൻഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാർഥിയെ നിർത്തിയാൽ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. സ്പീക്കർ പദവിയിൽ നിന്ന് ബിജെപിയെ അകറ്റിനിർത്തുകയും എൻഡിഎയിൽ അസ്വാരസ്യം സൃഷ്ടിക്കുകയുമാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ ചേർന്ന എൻഡിഎ യോഗത്തിലും സ്പീക്കർ വിഷയം ചർച്ചയായെന്നാണ് വിവരം. അമിത് ഷാ, ജെ.പി നദ്ദ ചിരാഗ് പാസ്വാൻ, രാജീവ് രഞ്ജൻ സിങ് തുടങ്ങിയവർ പങ്കെടുത്തു. സ്പീക്കർ വിഷയത്തിൽ എൻഡിഎയിലെ പ്രധാന ഘടകകക്ഷികളായ ടിഡിപിക്കും ജെഡിയുവിനും വ്യത്യസ്ത നിലപാടുകളാണ്. ബിജെപി നിർദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്നാണു ജെഡിയു നേതാവ് കെ.സി.ത്യാഗി പറഞ്ഞത്. എന്നാൽ, സ്ഥാനാർഥിയെ എൻഡിഎ ഘടകകക്ഷികൾ ഒരുമിച്ചു തീരുമാനിക്കണമെന്നാണ് ടിഡിപിയുടെ പക്ഷം. ബിജെപിയുടെ ഏകപക്ഷീയ തീരുമാനത്തെ അതേപടി പിന്തുണയ്ക്കില്ലെന്ന് ചുരുക്കം.

ജൂൺ 24 നാണ് 18 -ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുക. ജൂൺ 26 ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇന്ത്യാ മുന്നണിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സ്പീക്കർ സ്ഥാനാർഥി സ്ഥാനത്തേക്ക് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഓം ബിർളയായിരുന്നു സ്പീക്കറായിരുന്നത്. ഈ കാലയളവിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.