കൊല്‍ക്കത്ത: തിങ്കളാഴ്ച ബംഗാളില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസ് ഇടിച്ച് ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ ഗുഡ്സ് ട്രെയിനിന് ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം പ്രവര്‍ത്തിക്കാത്തതിനാല്‍ എല്ലാ ചുവന്ന സിഗ്‌നലുകളും മറികടക്കാന്‍ അനുവദിച്ചതായി റെയില്‍വെ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റാണിപത്ര സ്റ്റേഷനും ചാത്തര്‍ ഹാട്ട് ജംഗ്ഷനും ഇടയിലുള്ള എല്ലാ ചുവന്ന സിഗ്‌നലുകളും മറികടക്കാന്‍ അനുവദിച്ചുകൊണ്ട് റാണിപത്രയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഗുഡ്‌സ് ട്രെയിനിന്റെ ഡ്രൈവര്‍ക്ക് ടിഎ 912 എന്ന രേഖാമൂലമുള്ള അധികാരം നല്‍കിയതായി ഉറവിടങ്ങള്‍ വ്യക്തമക്കുന്നു.
സെക്ഷനിലെ ലൈനില്‍ തടസങ്ങളോ ട്രെയിനുകളോ ഇല്ലാതിരിക്കുമ്പോഴാണ് 'ടിഎ 912' സാധാരണയായി നല്‍കുന്നത്. ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം പ്രവര്‍ത്തിക്കാത്ത ഭാഗം സാവധാനം മുറിച്ചുകടക്കാനും ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി.
റാണിപത്രയ്ക്കും ഛത്താര്‍ ഹട്ടിനും ഇടയിലുള്ള ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം പുലര്‍ച്ചെ 5.50 മുതല്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദയിലേക്ക് വരികയായിരുന്ന ഗുഡ്സ് ട്രെയിന്‍ സിഗ്‌നല്‍ അവഗണിച്ച് കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ ബോര്‍ഡ് പ്രാഥമിക പ്രസ്താവനയില്‍ പറഞ്ഞു.