വാഷിങ്ടണ്‍: ഛിന്നഗ്രഹത്തിന്റെ സഞ്ചാരം ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുമോ എന്ന സംശയത്തില്‍ ശാസ്ത്ര ലോകം. ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് ഇടിച്ചിറങ്ങാന്‍ 72 ശതമാനം സാധ്യതയുള്ളതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് മുന്നറിയിപ്പ് നല്‍കുന്നത്.
മേരിലാന്‍ഡിലെ ലോറലിലുള്ള ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയില്‍ നടന്ന നീരിക്ഷണത്തിലാണ് ഇക്കാര്യം മനസിലായത്. ഭാവിയില്‍ അധികം ഛിന്നഗ്രഹ ഭീഷണികളൊന്നുമില്ലെങ്കിലും അപകടകരമായ ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ളതായി നാസ വിലയിരുത്തുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏകദേശം 72 ശതമാനവും ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനാണ് സാധ്യത. എന്നാല്‍ ഉടന്‍ ഭയപ്പെടാനൊന്നുമില്ല. 2038 ജൂലൈ 12 ന് ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് നാസ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഇതിന്റെ വലിപ്പം, ഘടന, ദീര്‍ഘകാല പാത എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. നാസയുടെ ഇരട്ട ഛിന്നഗ്രഹ റീഡയറക്ഷന്‍ ടെസ്റ്റില്‍ (ഡി.എ.ആര്‍ടി) നിന്നുള്ള ഡാറ്റ ഉപയോഗിക്കുന്ന ആദ്യ പരീക്ഷണം കൂടിയാണിത്. ഛിന്നഗ്രഹ ആഘാതങ്ങളില്‍ നിന്ന് ഭൂമിയെ പ്രതിരോധിക്കുന്നതിനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.
ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത മാറ്റാന്‍ ഒരു ചലനാത്മകമായ ആഘാതത്തിന് കഴിയുമെന്ന് ഡിഎആര്‍ടി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നാസ പറയുന്നു. അപകട സാധ്യതയുള്ള ഛിന്നഗ്രഹത്തെ വിലയിരുത്താനും പ്രതിരോധിക്കാനും ഭൂമിയുടെ അടുത്തുള്ള ഒബ്ജക്ട് സര്‍വേയറിനെ വികസിപ്പിക്കുമെന്നും നാസ അറിയിച്ചു.
ഇത് ഒരു ഇന്‍ഫ്രാറെഡ് ബഹിരാകാശ ദൂരദര്‍ശിനിയാണ്. ഭൂമിക്ക് ആഘാതമുണ്ടാക്കാന്‍ സാധ്യയുള്ള ഛിന്നഗ്രഹങ്ങളെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കണ്ടെത്താന്‍ ഇത് സഹായിക്കുന്നു. ഈ ഒബ്ജക്ട് സര്‍വേയര്‍ 2028 ജൂണില്‍ വിക്ഷേപിക്കുമെന്നാണ് കരുതുന്നത്.