ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നാളെ നിര്‍ണായകം. വിചാരണ കോടതി അനുവദിച്ച ജാമ്യം ചോദ്യം ചെയ്ത് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. നാളെ ഉച്ചയ്ക്ക് 2.30 ന് ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയ്‌നാണ് വിധി പ്രസ്താവിക്കുക.
കേസില്‍ ജാമ്യം നല്‍കിയ വിചാരണ കോടതി വിധി താല്‍കാലികമായി സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ കെജരിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റിയിരുന്നു.
അടിയന്തരമായി കേള്‍ക്കാന്‍ കെജരിവാളിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഉത്തരവ് വരട്ടെയെന്ന നിലപാടാണ് അവധിക്കാല ബെഞ്ച് സ്വീകരിച്ചത്.
ഹൈക്കോടതി ഇക്കാര്യത്തില്‍ വിധി പറയാനിരിക്കുകയാണെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി ഇടപെടുന്നതിനെ ഇ.ഡി എതിര്‍ത്തു.
തുടര്‍ന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ്.വി.എന്‍ ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റുകയായിരുന്നു. ഈ ഘട്ടത്തില്‍ ഇടപെടുന്നത് ഹൈക്കോടതിയിലെ നടപടികളെ ബാധിക്കുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച ജാമ്യത്തില്‍ പുറത്തിറങ്ങാനിരിക്കെയായിരുന്നു വിചാരണ കോടതി ഉത്തരവ് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി നിര്‍ദേശമുണ്ടായത്. ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ഹര്‍ജിയില്‍ വിധി വരുന്നതു വരെ ഉത്തരവ് നടപ്പാക്കരുതെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.