ന്യൂഡല്‍ഹി: രാജ്യത്തെ പൊതു പരീക്ഷാ ക്രമക്കേടുകള്‍ തടയാന്‍ തയ്യാറാക്കിയ നിയമത്തിന്റെ ചട്ടങ്ങളിറക്കി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം വിജ്ഞാപനം ചെയ്തത്.
പൊതു പരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേടും ചോദ്യപേപ്പര്‍ ചോര്‍ച്ചയും തടയുകയാണ് ലക്ഷ്യം. നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകള്‍ക്കിടെയാണ് നിയമം വിജ്ഞാപനം ചെയ്തത്.
നിയമ ലംഘകര്‍ക്ക് 10 വര്‍ഷം തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കാവുന്ന നിയമമാണ് നടപ്പാക്കുന്നത്. പരീക്ഷാ ഹാളില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയാല്‍ പരീക്ഷാ ചുമതയിലുള്ള ഉദ്യോഗസ്ഥന്‍ ഉടന്‍ നടപടിയെടുക്കണം. ഉദ്യോഗസ്ഥന്‍ ക്രമക്കേട് സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കണം.
പരീക്ഷാ ചുമതലയിലുള്ള ഓഫിസര്‍മാര്‍ റീജണല്‍ ഓഫിസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. റീജണല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ഗൗരവം ഉള്ളതാണെങ്കില്‍ എഫ്.ഐ.ആര്‍ നടപടികളിലേക്ക് നീങ്ങും.