'സഭയില്‍ പറഞ്ഞത് സത്യം'; പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

'സഭയില്‍ പറഞ്ഞത് സത്യം'; പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്സഭയിലെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധി. സഭയില്‍ താന്‍ പറഞ്ഞത് സത്യമാണെന്നും അല്ലാതെ മറ്റൊന്നുമല്ലെന്നും അദേഹം വ്യക്തമാക്കി.

താന്‍ നുണ പറയുകയാണെന്നും ഹിന്ദുക്കളെ അവഹേളിക്കുകയാണെന്നുമുളള കേന്ദ്ര മന്ത്രിമാരുടെ ആരോപണങ്ങള്‍ക്കെതിരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രാഹുല്‍ ഗാന്ധി നടത്തിയ ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്തത്. 'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോകത്ത് നിന്നും സത്യത്തെ പുറന്തളളാന്‍ സാധിക്കും. പക്ഷെ യഥാര്‍ത്ഥ ലോകത്ത് നിന്നും അതിന് സാധിക്കില്ല. എനിക്ക് പറയാനുളളത് പറഞ്ഞു. അതാണ് സത്യം. അവര്‍ക്ക് എത്ര വേണമെങ്കിലും തെ?റ്റിദ്ധരിപ്പിക്കാന്‍ സാധിക്കും'- രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

രാഹുലിന്റെ ഹിന്ദുക്കളുടെ പേരില്‍ അക്രമം നടക്കുന്നുവെന്ന പരാമര്‍ശവും ആര്‍എസ്എസിനെതിരായ പരാമര്‍ശവുമാണ് നീക്കം ചെയ്തത്. രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തെ ന്യായീകരിച്ച് ഫൈസാബാദ് എംപിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അവധേഷ് പ്രസാദ് രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ യാതൊരു തരത്തിലുളള ദുരുദ്ദേശവുമില്ലായിരുന്നു. എന്നിരുന്നാലും ഭരണഘടനയ്ക്ക് അനുസൃതമല്ലാത്ത പ്രസ്താവനകള്‍ നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അവകാശമുണ്ടെന്നും അദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം മുഴുവനും നീക്കം ചെയ്യണമെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പസ്വാന്‍ ആവശ്യപ്പെട്ടു. അദേഹം വിവിധ മതങ്ങളെ പരാമര്‍ശിച്ചത് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളെയും വേദനിപ്പിച്ചു. പ്രധാനമന്ത്രിക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളും ശരിയല്ലെന്ന് ചിരാഗ് പസ്വാന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.