മണിപ്പൂര്‍... മണിപ്പൂര്‍... മുദ്രാവാക്യം ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തില്‍: ബഹളത്തില്‍ മുങ്ങി മോഡിയുടെ പ്രസംഗം

മണിപ്പൂര്‍... മണിപ്പൂര്‍... മുദ്രാവാക്യം ഉയര്‍ത്തി  പ്രതിപക്ഷം നടുത്തളത്തില്‍: ബഹളത്തില്‍ മുങ്ങി മോഡിയുടെ പ്രസംഗം

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മറുപടി പ്രസംഗം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. മണിപ്പൂര്‍... മണിപ്പൂര്‍... മുദ്രാവാക്യം ഉയര്‍ത്തി പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉടനീളം പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി.

ഏകാധിപത്യം അനുവദിക്കില്ല, മണിപ്പൂരിന് നീതി എന്നീ മുദ്രാവാക്യങ്ങളും നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തി. അംഗങ്ങളോട് സഭയുടെ നടുത്തളത്തില്‍ ഇറങ്ങാന്‍ നിര്‍ദേശിച്ചതിന് സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ശാസിച്ചു.

പ്രധാനമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം വലിയ ശബ്ദമുണ്ടാക്കി. മണിപ്പൂരിനെക്കുറിച്ച് മോഡി സംസാരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഭരണമുന്നണി അംഗങ്ങള്‍ പ്രധാനമന്ത്രിയെ ഡെസ്‌കില്‍ അടിച്ച് സ്വാഗതം ചെയ്തു.

വികസിത ഭാരതത്തിനായുള്ള സര്‍ക്കാരിന്റെ നിശ്ചദാര്‍ഢ്യത്തെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി ആമുഖമായി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടപടികള്‍ക്കൊടുവില്‍ രാജ്യത്തെ ജനങ്ങള്‍ തങ്ങളെ തിരഞ്ഞെടുത്തു. ചില ആളുകളുടെ വേദന തനിക്ക് മനസിലാകും. തുടര്‍ച്ചയായി നുണകള്‍ പ്രചരിപ്പിച്ചിട്ടും അവര്‍ക്ക് വലിയ പരാജയം നേരിടേണ്ടി വന്നുവെന്നും അദേഹം പറഞ്ഞു.

അഴിമതിയോട് സഹിഷ്ണതയില്ലെന്ന സമീപനത്തിന് ജനങ്ങളുടെ പിന്തുണ ലഭിച്ചു. ഇന്ത്യ ആദ്യം എന്ന ആശയമാണ് മുന്നോട്ടു നയിച്ചത്. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനുള്ള ക്യാമ്പയിന് തിരഞ്ഞെടുപ്പില്‍ അനുഗ്രഹം ലഭിച്ചുവെന്നും മോഡി പറഞ്ഞു.

കഴിഞ്ഞ ദിവസം മോഡി സര്‍ക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനമായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. അഗ്‌നിവീര്‍ പദ്ധതി, മണിപ്പൂര്‍ സംഘര്‍ഷം, നീറ്റ് തട്ടിപ്പ്, തൊഴിലില്ലായ്മ, നോട്ട് പിന്‍വലിക്കല്‍, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളുയര്‍ത്തി രാഹുല്‍ കടന്നാക്രമിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.