ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം.
ആദ്യ 10 മിനിട്ട് സമാധാനപരമായിരുന്നു എങ്കിലും പിന്നീട് പ്രസംഗത്തിനിടെ പ്രതിപക്ഷം മോഡിക്കെതിരെ മുദ്രാവാക്യം മുഴക്കി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സംസാരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
പ്രതിപക്ഷ ബഹളത്തിനിടയിലും മോഡി പ്രസംഗം തുടര്‍ന്നു. എന്‍ഡിഎയുടെ വിജയത്തെ 'ബ്ലാക്കൗട്ട്' ചെയ്യാന്‍ ശ്രമം നടക്കുകയാണന്നും ജനം വിജയിപ്പിച്ചത് പ്രതീക്ഷയുടെ രാഷ്ട്രീയത്തെയാണെന്നും അദേഹം പറഞ്ഞു.
'മൂന്നിലൊന്ന് പ്രധാനമന്ത്രി' എന്ന പരിഹാസം മോഡി തള്ളി. മൂന്നിലൊന്ന് കാലമേ പൂര്‍ത്തിയായിട്ടുള്ളു. ഭരണഘടന തനിക്ക് സര്‍വോപരിയാണ്. ദാരിദ്ര്യത്തിനെതിരെ അടുത്ത അഞ്ച് വര്‍ഷത്തില്‍ നിര്‍ണായക തീരുമാനമെടുക്കുമെന്നും അദേഹം പറഞ്ഞു.
അതേസമയം പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും. ഇന്നലെ ലോക്സഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ചായിരുന്നു മോഡിയുടെ പ്രസംഗം. എന്നാല്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ മണിപ്പൂര്‍ അടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല.