'സമാധാനം പുനസ്ഥാപിക്കാന്‍ നിരന്തര ശ്രമം': മണിപ്പൂരില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി; 'മോഡി കള്ളം പറയുന്നത് നിര്‍ത്തണം': പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

'സമാധാനം പുനസ്ഥാപിക്കാന്‍ നിരന്തര ശ്രമം': മണിപ്പൂരില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി; 'മോഡി കള്ളം പറയുന്നത് നിര്‍ത്തണം': പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: മണിപ്പൂരിലെ വംശീയ കലാപത്തെപ്പറ്റി ദീര്‍ഘ കാലമായി തുടരുന്ന മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യസഭയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കവേയാണ് മോഡി മണിപ്പൂരിനെപ്പറ്റി പരാമര്‍ശിച്ചത്.

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ നിരന്തര ശ്രമം നടത്തുന്നുണ്ട്. സംസ്ഥാനത്ത് സംഘര്‍ഷങ്ങളില്‍ കുറവുണ്ട്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരന്തരം ഇടപെടുന്നുണ്ടെന്നും മോഡി പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ മോഡി പ്രതികരിക്കാത്തതിനെതിരെ ലോക്‌സഭയിലും പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു.

മണിപ്പൂര്‍ വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നാണ് പ്രതിപക്ഷത്തോടുള്ള പ്രധാനമന്ത്രിയുടെ ഉപദേശം. അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാണ്.

മുന്‍പ് കോണ്‍ഗ്രസ് 10 തവണ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവിടെയുള്ളത് ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് കോണ്‍ഗ്രസിന് അറിയാം. മണിപ്പൂര്‍ ജനത വിദ്വേഷ രാഷ്ട്രീയത്തെ തള്ളിക്കളയുമെന്നും മോഡി പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷം ഭരിച്ചു. അടുത്ത 20 വര്‍ഷവും എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കും. വരുന്ന അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോരാട്ടമായിരിക്കുമെന്നും മോഡി രാജ്യസഭയില്‍ പറഞ്ഞു.

അതേസമയം മോഡി കള്ളം പറയുന്നത് നിര്‍ത്തണമെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കണ്ടതു പോലെ ഇന്ന് രാജ്യസഭയും ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.