ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ ആള്‍ദൈവത്തിന്റെ സത്സംഗില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ഹാഥ്‌റസിലെയും അലീഗഢിലെയും ഗ്രാമങ്ങളിലെത്തിയത്.
രാവിലെ ഏഴേകാലോടെ അലീഗഢിന് സമീപത്തെ പില്‍ക്കാന ഗ്രാമത്തിലെത്തി ശാന്തി ദേവി, മഞ്ജു ദേവി എന്നിവരുടെ കുടുംബാംഗങ്ങളെ കണ്ടു. സാമ്പത്തിക സഹായം നല്‍കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
പരിപാടി നടന്ന സ്ഥലത്ത് മതിയായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. നല്ല ചികിത്സാ സൗകര്യം ഉണ്ടായിരുന്നെങ്കില്‍ തന്റെ സഹോദരിയെ രക്ഷിക്കാമായിരുന്നുവെന്നും അപകടത്തില്‍ മരിച്ച സ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.
മരണപ്പെട്ടവരെല്ലാം നിര്‍ധന കുടുംബത്തില്‍പെട്ടവരാണ്. അവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്, പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള അവിനാഷ് പാണ്ഡെ, പാര്‍ട്ടി വക്താവ് സുപ്രിയ ശ്രീനെറ്റ് ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
ബോലെ ബാബ എന്നറിയപ്പെടുന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടയിലുണ്ടായ ദുരന്തത്തില്‍ 121 പേരാണ് കൊല്ലപ്പെട്ടത്. പരിപാടിയുടെ സംഘടകരായ ആറ്‌പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ആള്‍ദൈവത്തെ ഇതുവരെയും പൊലീസ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അതിനിടെ ഭോലെ ബാബയുടെ പേരിലുള്ള കത്ത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്.
തിക്കും തിരക്കും ഉണ്ടാക്കിയതില്‍ സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍ ഉണ്ടെന്നും ഇതില്‍ നിയമ നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി അഭിഭാഷകന്‍ എ.പി സിങിനെ ചുമതലപ്പെടുത്തിയെന്നുമാണ് കത്തില്‍ പറയുന്നത്.