ന്യൂഡല്‍ഹി: നീറ്റ്-യുജി കൗണ്‍സിലിങ് മാറ്റിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൗണ്‍സിലിങ് നടത്തില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ കൗണ്‍സിലിങ് തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
നീറ്റ് കൗണ്‍സിലിങ് മാറ്റി വയ്‌ക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നീറ്റ്-യുജി പരീക്ഷകളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാലയും മനോജ് മിശ്രയും അടക്കമുള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് നടപടി.
ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷ മുഴുവനും റദ്ദാക്കണമെന്ന ആവശ്യം, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയത് അടക്കമുള്ള ഹര്‍ജികളാണ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുക. നേരത്തെ മെഡിക്കല്‍ പരീക്ഷയുടെ രഹസ്യ സ്വഭാവ ലംഘനം നടന്നു എന്നതിന് തെളിവില്ലാത്ത സാഹചര്യത്തില്‍, ഇതിനകം ഫലം പ്രഖ്യാപിച്ച മുഴുവന്‍ നീറ്റ്-യുജി 2024 പരീക്ഷകള്‍ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
എല്ലാ മത്സര പരീക്ഷകളും ന്യായമായും സുതാര്യമായും നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. രാജ്യമാകെ നടന്ന പരീക്ഷയില്‍ വലിയ തോതിലുള്ള രഹസ്യാത്മക ലംഘനത്തിന് തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍, മുഴുവന്‍ പരീക്ഷയും ഇതിനകം പ്രഖ്യാപിച്ച ഫലങ്ങളും റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ന്യായമായ രീതിയില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2024 ല്‍ നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് സത്യസന്ധരായ ഉദ്യോഗാര്‍ഥികളുടെ പരീക്ഷ പൂര്‍ണമായും ഒഴിവാക്കുന്നത് ഗുരുതരമായ അപകടത്തിലേക്ക് നയിക്കും എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.