ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമിന് പിന്നാലെ രജൗരിയിലും ഭീകരാക്രമണം. സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. വെടിയുതിര്‍ത്ത ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.
അതേസമയം കുല്‍ഗാമില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഒരു ഭീകരനെ കൂടി വധിച്ചു. ഇതോടെ വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലിനിടെ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. മോഡര്‍ഗാം ഗ്രാമത്തിലും ഫ്രിസല്‍ മേഖലയിലുമുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
ശനിയാഴ്ച മോഡര്‍ഗ്രാമില്‍ സിആര്‍പിഎഫും കരസേനയും പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹീദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറുഖ് അഹമ്മദിന്റെ മരണം സൈന്യം സ്ഥിരീകരിച്ചു.