'രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിനകത്തിട്ട് തല്ലണം'; കര്‍ണാടക ബിജെപി എംഎല്‍എക്കെതിരെ കേസ്

'രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിനകത്തിട്ട് തല്ലണം'; കര്‍ണാടക ബിജെപി എംഎല്‍എക്കെതിരെ കേസ്

ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കര്‍ണാടകയിലെ ബിജെപി എംഎല്‍എ ഭരത് ഷെട്ടിക്കെതിരെ കേസ്. മംഗളൂരു സിറ്റി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ. അനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പേര് പറഞ്ഞ് ഭരത് ഷെട്ടി എംഎല്‍എ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഷെട്ടിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും രൂക്ഷ വിമര്‍ശനം തുടരുകയാണ്. ഞായറാഴ്ച സൂറത്ത്കലില്‍ നടന്ന ഒരു സമ്മേളനത്തിലാണ് കേസിനാസ്പദമായ പ്രസ്താവന എംഎല്‍എ നടത്തിയത്. രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിനുള്ളില്‍ അറസ്റ്റ് ചെയ്ത് തള്ളണമെന്നായിരുന്നു എംഎല്‍എ പറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി.

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) വര്‍ക്കിങ് പ്രസിഡന്റ് മഞ്ജുനാഥ് ഭണ്ഡാരി വാര്‍ത്താസമ്മേളനത്തില്‍ ബിജെപി എംഎല്‍എയെ പരിഹസിച്ച് രംഗത്തെത്തി-'അദ്ദേഹം എങ്ങനെ പാര്‍ലമെന്റില്‍ പ്രവേശിക്കും? പ്രതിപക്ഷ നേതാവിനെ ആക്രമിക്കാന്‍ ആയുധം എടുക്കുമോ? ഷെട്ടി തീവ്രവാദിയാണോ?' എന്നും മഞ്ചുനാഥ് ഭണ്ഡാരി ചോദിച്ചു. ഭരത് ഷെട്ടിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു സാധാരണ പ്രവര്‍ത്തകനോട് നേരിട്ട് സംസാരിക്കാന്‍ പോലും കഴിയില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാക്കളുടെയും നിയമസഭാംഗങ്ങളുടെയും പൊട്ടിത്തെറിയുടെ പ്രധാന കാരണം രാഹുല്‍ ഗാന്ധിയെ 'ബാലക് ബുദ്ധി' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്നും ഈ പദപ്രയോഗം ഒഴിവാക്കണമെന്നും മഞ്ജുനാഥ് പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സാന്നിധ്യം അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് ബിജെപി കലാപത്തിന് പദ്ധതിയിടുന്നതെന്നും അദേഹം ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.