നീറ്റ് ക്രമക്കേട്: എല്ലാ വിദ്യാര്‍ഥികളെയും ബാധിച്ചെങ്കില്‍ മാത്രം പുനപരീക്ഷയെന്ന് സുപ്രീം കോടതി

നീറ്റ്  ക്രമക്കേട്: എല്ലാ വിദ്യാര്‍ഥികളെയും ബാധിച്ചെങ്കില്‍ മാത്രം പുനപരീക്ഷയെന്ന്  സുപ്രീം കോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് എല്ലാ വിദ്യാര്‍ഥികളെയും ബാധിച്ചു എന്ന് തെളിഞ്ഞാല്‍ മാത്രമേ പുനപരീക്ഷ നടത്താന്‍ ഉത്തരവിടാനാവൂ എന്ന് സുപ്രീം കോടതി.

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം തുടരുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമര്‍ശം. നീറ്റ് യുജി കേസിലെ വിധിക്ക് സാമൂഹികമായ പ്രത്യാഘാതങ്ങളുണ്ടെന്നും ലക്ഷക്കണക്കിന് കുട്ടികള്‍ കേസിന്റെ തീര്‍പ്പിന് കാത്തിരിക്കുകയാണെന്നും വാദം തുടങ്ങും മുമ്പ് കോടതി പറഞ്ഞു.

പരീക്ഷാ ക്രമക്കേടില്‍ എത്ര വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്?, അവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു?, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരുടെ എണ്ണം എത്ര? തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങളും കേന്ദ്രത്തോട് സുപ്രിം കോടതി ചോദിച്ചു.

ക്രമക്കേട് ആരോപണത്തില്‍ സിബിഐ അന്വേഷണം തുടരുകയാണ്. അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയ കാര്യങ്ങള്‍ സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇത് പുറത്തുവിടാനാവില്ലെന്ന് കോടതി പറഞ്ഞു.

നീറ്റില്‍ ക്രമക്കേട് നടന്നെന്നും പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. പരീക്ഷ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടും ഏതാനും ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

ഇതിനൊപ്പം വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹര്‍ജികളും പരിഗണിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.