ബംഗളൂരു: കനത്ത മഴ തുടരുന്ന ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ ബീഹാര്‍ സ്വദേശിയായ നിര്‍മാണ തൊഴിലാളി മരിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഹെന്നൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്.
ഹെന്നൂരിലെ ബാബുസാബ് പാളയയില്‍ വൈകുന്നേരം നാലോടെയായിരുന്നു അപകടം. നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ ആറ് നില കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്‌സും സംയുക്തമായാണ് പരിശോധന നടത്തുന്നത്. കെട്ടിടം തകര്‍ന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുറഞ്ഞത് 14 പേരെങ്കിലും കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് സൂചന.