ദീപാവലി ആശംസ നേര്‍ന്ന് വത്തിക്കാന്‍; ഭിന്നതകള്‍ക്കിടയിലും ഐക്യം പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം

ദീപാവലി ആശംസ നേര്‍ന്ന് വത്തിക്കാന്‍; ഭിന്നതകള്‍ക്കിടയിലും ഐക്യം പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: ലോകത്ത് ഭിന്നതകളും വൈവിധ്യങ്ങളും നിലനില്‍ക്കുമ്പോഴും ഐക്യം പ്രോത്സാഹിപ്പിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും കൈകോര്‍ക്കണമെന്ന ആഹ്വാനവുമായി വത്തിക്കാന്‍. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയോടനുബന്ധിച്ച് മതാന്തരസംവാദങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയാണ് ഇന്ത്യയിലെ എല്ലാ ഹൈന്ദവ സഹോദരങ്ങള്‍ക്കും ആശംസ നേര്‍ന്ന് സന്ദേശം പുറത്തിറക്കിയത്.

വിവിധ സംസ്‌കാരങ്ങളിലും മതങ്ങളിലും ഭാഷകളിലും പ്രത്യയശാസ്ത്രങ്ങളിലും വിശ്വസിക്കുന്ന ജനങ്ങളുള്ള ഇക്കാലത്ത്, ഈ വൈവിധ്യം പരസ്പരം മനസിലാക്കാനും ഒരുമിച്ചുള്ള വളര്‍ച്ചയ്ക്കും ഉപകാരപ്പെടുന്നതാണെന്ന് ഡികാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ മിഗേല്‍ ആംഹെല്‍ അയൂസോ ഗിക്‌സോത് കുറിച്ചു. എന്നാല്‍ ചിലയിടങ്ങളില്‍ ഈ വ്യത്യസ്തതകള്‍ ഐക്യത്തിനെതിരെയുള്ള ഭീഷണിയായും സംഘര്‍ഷങ്ങള്‍ക്കുള്ള കാരണമായും മാറുന്നുന്നതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മനുഷ്യചരിത്രത്തിലുടനീളം, മനുഷ്യര്‍ ഐക്യത്തോടെ ജീവിക്കുന്നതില്‍ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ ശത്രുതാപരമായ ചെറുത്തുനില്‍പ്പിനും വഴിയൊരുക്കിയിട്ടുണ്ട്. പലയിടങ്ങളിലും കാണുന്ന മതമൗലികവാദം, തീവ്രവാദം, മതഭ്രാന്ത്, വംശീയത, കടുത്ത ദേശീയവാദം തുടങ്ങിയവ ഐക്യം നശിപ്പിക്കുകയും മനുഷ്യര്‍ക്കിടയില്‍ സംശയങ്ങള്‍ക്കും മുന്‍വിധികള്‍ക്കും വിദ്വേഷത്തിനും ഭയത്തിനും കാരണമാകുകയും ചെയ്യുന്നുണ്ട്.

എന്നിരുന്നാലും, കാലത്തിന്റെ മുന്നോട്ടുള്ള ഒഴുക്കില്‍, വിവിധ സംസ്‌കാരങ്ങള്‍ ഒരുമിച്ച്, ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിലേക്ക് വളരുന്നത് കാണുന്നുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പായുടെ, ഫ്രത്തെല്ലി തൂത്തി (96) എന്ന ചാക്രികലേഖനം പരാമര്‍ശിച്ചുകൊണ്ട് വത്തിക്കാന്‍ ഡികാസ്റ്ററി കുറിച്ചു.

ദൈവിക പദ്ധതിയില്‍ വൈവിധ്യങ്ങളും വ്യത്യസ്തതകളും ആരുടെയും ജീവിതത്തിന് ഭീഷണിയല്ല, മറിച്ച് ഒരുമയോടെയുള്ള സഹവാസത്തിനുള്ള ദാനമായാണെന്നും സന്ദേശത്തില്‍ പറയുന്നു. വൈവിധ്യങ്ങളെ മനസിലാക്കാനും അംഗീകരിക്കാനും പരസ്പര സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മതാന്തരസംവാദങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി മുന്നോട്ടുവച്ചു.

സാഹോദര്യത്തിന്റെയും മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്നതുമായ മനോഭാവത്തോടെ, ക്രൈസ്തവരും ഹൈന്ദവരും ഐക്യത്തോടെയുള്ള സഹവാസം ഉറപ്പാക്കണമെന്നും മറ്റു മതവിഭാഗങ്ങളിലുള്ളവരും സന്മനസുള്ള മനുഷ്യരുമായി ചേര്‍ന്ന് ഐക്യം വളര്‍ത്താന്‍ പരിശ്രമിക്കണമെന്നും കര്‍ദിനാള്‍ മിഗേല്‍ ആംഹെല്‍ ആഹ്വാനം ചെയ്തു.

പ്രകാശത്തിന്റെ ഉറവിടമായ ദൈവം നമ്മുടെ മനസിനെയും ഹൃദയങ്ങളെയും സമാധാനത്താലും സന്തോഷത്താലും നിറയ്ക്കട്ടെയെന്ന് ആശംസിച്ചാണ് ദീപാവലി സന്ദേശം അവസാനിപ്പിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.