വത്തിക്കാന്‍ സിറ്റി : അകലെ നിന്ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക സന്ദർശിക്കാനുള്ള അവസരം ഒരുങ്ങുന്നു. ബസിലിക്കയുടെ മനോഹാരിത ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സഹായത്തോടെയും ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നത് ബസിലിക്കയുടെ സംരക്ഷണ പരിപാലനത്തിനായുള്ള “ഫാബ്രിക്ക ദി സാൻ പിയെത്രൊ"യാണ്. ടെക് ഭീമനായ മൈക്രോസോഫ്റ്റിൻറെ സഹായത്തോടെയാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്
ചരിത്രവും കലയും ആധ്യാത്മികതയും ഇഴചേർന്ന് ലോകത്തിലെ അതുല്യ ദേവാലയമായി കണക്കാകുന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്ക റോമിലെത്താതെ തന്നെ സന്ദർശിക്കാൻ തീർത്ഥാടകർക്കും സന്ദർശകർക്കും അവസരം നല്‍കുന്ന പദ്ധതിയാണിത്. ഡ്രോണുകളും ക്യാമറക്കണ്ണുകളും ലേസർ സാങ്കേതിക വിദ്യയും ചേർന്ന് ദേവാലയ ഉൾവശത്തിന്റെ നാല് ലക്ഷം ദൃശ്യങ്ങളാണ് ഒപ്പിയെടുത്തത്.
ത്രിമാന ദൃശ്യങ്ങൾ സൃഷ്ടിക്കത്തക്ക വിധം ഉന്നത ഗുണനിലവാരത്തിലുള്ള ചിത്രങ്ങളാണ് പകർത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രണ്ടാഴ്ച സമയമെടുത്ത് ഇത്തരത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമന്വയിപ്പിച്ച് ബസിലിക്കയുടെ ഡിജിറ്റൽ പതിപ്പാണ് ഒരുക്കുന്നത്. തീർത്ഥാടകർക്കും അതുപോലെതന്നെ പഠിതാക്കൾക്കും ഗുണകരമായ ഈ പദ്ധതിയിലൂടെ ഇന്‍റര്‍നെറ്റിലൂടെ ബസിലിക്ക സന്ദർശിക്കുന്നതിനുള്ള പദ്ധതിയാണിതെന്ന് കർദ്ദിനാൾ ഗംബേത്തി പറഞ്ഞു. ഡിസംബർ ഒന്ന് മുതൽ ഇൻറർനെറ്റില്‍ ഇത് ലഭ്യമാക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
വത്തിക്കാനും മൈക്രോസോഫ്റ്റും തമ്മിലുള്ള പങ്കാളിത്തം വിശ്വാസത്തിൻ്റെയും പൈതൃകത്തിൻ്റെയും സാങ്കേതികവിദ്യയുടെ നൂതനമായ ഉപയോഗത്തിന്റെയും കൂടിയാണെന്ന് മൈക്രോസോഫ്റ്റ് പ്രസിഡൻ്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു.
"ഇത് റോമിലേക്ക് വരുന്ന തീർത്ഥാടകരുടെ ആത്മീയ അനുഭവം വർധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. വിശുദ്ധ പത്രോസിൻ്റെയും അദേഹത്തിൻ്റെ ജീവിതത്തിൻ്റെയും ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ പുതിയ സംവിധാനം അവസരം ഒരുക്കിയെന്നും സ്മിത്ത് പറഞ്ഞു.
വെർച്വൽ അനുഭവം ഒരു പുതിയ വീക്ഷണം പ്രദാനം ചെയ്യുന്നു. ഡിജിറ്റൽ പ്രദർശനത്തിലൂടെ ഒരാൾക്ക് കാണാൻ കഴിയാത്ത ബസിലിക്കയുടെ ഭാഗങ്ങൾ കാണാൻ അനുവദിക്കുന്നു. സന്ദർശകർക്ക് താഴെയുള്ള റോമൻ ശവകുടീരങ്ങളും സങ്കീർണ്ണമായ കലാസൃഷ്‌ടികളും പോലെ സാധാരണയായി എത്തിച്ചേരാനാകാത്ത ഇടങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നും സ്മിത്ത് വിശദീകരിച്ചു. വിശ്വാസം പുരോഗമിപ്പിക്കുന്നതിനായി സാങ്കേതികവിദ്യ സ്വീകരിക്കാനുള്ള വത്തിക്കാൻ്റെ സന്നദ്ധതയാണ് പദ്ധതി ഉയർത്തിക്കാട്ടുന്നതെന്നും സ്മിത്ത് പറഞ്ഞു.