വികൃതമായ ഉപ്പ് ക്രിസ്റ്റല്‍ സ്തൂപങ്ങള്‍; അറിയാം ചാവുകടലിലെ അതിശയ പ്രതിഭാസത്തെക്കുറിച്ച്

വികൃതമായ ഉപ്പ് ക്രിസ്റ്റല്‍ സ്തൂപങ്ങള്‍; അറിയാം ചാവുകടലിലെ അതിശയ പ്രതിഭാസത്തെക്കുറിച്ച്

മനുഷ്യന്റെ വര്‍ണ്ണനകള്‍ക്ക് അതീതമാണ് പരകൃതിയിലെ പല പ്രതിഭാസങ്ങളും. പലപ്പോഴും അവയങ്ങനെ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് പ്രകൃതിയക്കുറിച്ചുള്ള മനുഷ്യന്റെ പഠനം തുടര്‍ന്നുകൊണ്ടിരിക്കുന്നതും. ഭൂമിയില്‍ ഏറെ വിസ്മയങ്ങള്‍ ഒളിപ്പിച്ച ഒരിടമാണ് ചാവുകടല്‍. വിശുദ്ധ ഗ്രന്ഥമായ ബൈബിളില്‍ ചാവുകടലിനെക്കുറിച്ച് പറയപ്പെടുന്നുണ്ട്. എങ്കിലും ചാവുകടലിനെക്കുറിച്ചുള്ള ചില വിസ്മയങ്ങള്‍ പലര്‍ക്കും അപരിചിതമാണ്.

പേരില്‍ കടല്‍ എന്നുണ്ടെങ്കിലും ഒരു തടാകമാണ് സത്യത്തില്‍ ചാവുകടല്‍. ലോകത്തിലെ തന്നെ ഏറ്റവും ഉപ്പു രസമേറിയ ജലമാണ് ഈ തടാകത്തില്‍ നിറയെ. ചാവുകടലിലെ ഉപ്പുരസം പ്രതിദിനം വര്‍ധിച്ചു വരികയാണെന്നാണ് പറയപ്പെടുന്നത്. സമുദ്ര ജലത്തേക്കാള്‍ ഏകദേശം പത്തിരട്ടിയോളം ഉപ്പു രസമുണ്ട് ചാവുകടലിലെ വെള്ളത്തിന്.

ഉപ്പുരസം എന്നതിനുമപ്പുറം ചാവുകടലിലെ ഉപ്പു ക്രിസ്റ്റലുകളാണ് പലരേയും അതിശയിപ്പിക്കുന്നത്. വര്‍ങ്ങള്‍ക്ക് മുമ്പേ, അഥയാത് 1979 മുതല്‍ ഈ ഉപ്പ് ക്രിസ്റ്റലുകള്‍ ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ എങ്ങനെയാണ് ഈ ഉപ്പു ക്രിസ്റ്റലുകള്‍ രൂപം കൊള്ളുന്നത് എന്ന കാര്യത്തില്‍ അന്നൊന്നും കൃത്യമായ ഉത്തരങ്ങള്‍ ലഭിച്ചിരുന്നി. പിന്നീട് പല വര്‍ഷങ്ങളിലായി നിരവധി പേര്‍ ഇതിനെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.

ഓരോ ദിവസം ചെല്ലും തോറും ചാവുകടലിലെ ഉപ്പുരസം വര്‍ധിക്കാന്‍ കാരണം മനുഷ്യര്‍തന്നെയാണ് എന്നാണ് ചില കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. ചാവുകടലില്‍ ജോര്‍ദ്ദാന്‍ നദിയില്‍ നിന്നും കൈവഴികളിലൂടെ ശുദ്ധജലം ചാവുകടലില്‍ എത്തിയിരുന്നു. ഈ ശുദ്ധജലമാണ് ചാവുകടലിലെ ഉപ്പുരസത്തെ ബാലന്‍സ് ചെയ്ത് നിര്‍ത്തിയത്. എന്നാല്‍ ജോര്‍ദ്ദാന്‍ നദിയുടെ കൈവഴികളിലൂടെ വരുന്ന വെള്ളം മനുഷ്യര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു തുടങ്ങി. ഇതോടെ ചാവുകടലിലെത്തുന്ന ശുദ്ധജലത്തിന്റെ അളവ് കുറഞ്ഞു. അങ്ങനെ ബാഷ്പീകരണം കൂടുകയും ചെയ്തു.

ഇതുതന്നെയാണ് ചാവുകടലിലെ ആഴംകുറഞ്ഞ ഭാഗങ്ങളില്‍ വികൃതമായ ഉപ്പു ക്രിസ്റ്റലുകള്‍ രൂപം കൊള്ളുന്നതിന്റെ പിന്നിലെ കാരണവും. സോള്‍ട്ട് ഫിംഗറിങ്ങ് എന്നാണ് തടാകത്തിന്റെ അടിത്തട്ടില്‍ ഉപ്പ് ക്രിസ്റ്റല്‍ രൂപം കൊള്ളുന്നതിനെ പൊതുവെ പറയാറ്. തടാകത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ഉപരിതലം ചൂടാകുന്നു. തടാകത്തിന്റെ മുകള്‍ പര്പപിലെ വെള്ളം ചെറിയ രീതിയില്‍ ബാഷ്പീകരിക്കാന്‍ തുടങ്ങും ഈ സമയത്ത്. മാത്രമല്ല, ഇതിനു പുറമെ ജലോപരിതലത്തില്‍ ഉപ്പു രസവും വര്‍ധിക്കും. തന്മൂലം ഉപ്പുക്രിസ്റ്റലുകള്‍ രൂപപ്പെടുകയും ചെയ്യും. എന്നാല്‍ കാറ്റ് പോലെയുള്ള ചില പ്രത്യേക സ്രോതസില്‍ നിന്ന് അനക്കം തട്ടുമ്പോള്‍ ജലോപരിതലത്തിലെ ചൂടുവെള്ളം അടിത്തട്ടിലെ തണുത്ത വെള്ളവുമായി കൂടിച്ചേരുന്നു. ഇതുവഴി ഉപ്പു ക്രിസ്റ്റലുകള്‍ താഴേയ്ക്ക് ഊര്‍ന്നിറങ്ങുകയും ചെയ്യും. വികൃതമായ ഉപ്പു ക്രിസ്റ്റല്‍ സ്തപൂങ്ങളായി അവ മാറുകയും ചെയ്യുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.