വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ ആദ്യ സഹസ്രാബ്ദ വിശുദ്ധനായി കാർലോ അക്യൂട്ട്സിനെ പ്രഖ്യാപിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 25 മുതൽ 27 വരെ വത്തിക്കാനിൽ നടക്കുന്ന കൗമാരക്കാരുടെ ജൂബിലിയിൽ സഭയുടെ ഏറ്റവും പ്രായം കുറഞ്ഞ സമകാലിക വിശുദ്ധനായി കാർലോ അക്യൂട്ട്സിനെ പ്രഖ്യാപിക്കുമെന്ന് മാർപാപ്പ പറഞ്ഞു.
ഏപ്രിൽ 27ന് വത്തിക്കാനിൽ വിശുദ്ധപദവി പ്രഖ്യാപനം നടത്തുമെന്ന് അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന കാർലോ 11–ാം വയസിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. ആന്ദ്രേ അക്യൂട്ടീസ്, അന്റോണിയോ ദമ്പതികളുടെ ഏക മകനായിരുന്നു കാർലോ.
1991-ൽ ജനിച്ച കാർലോ ചെറുപ്പം മുതൽ ദിവ്യകാരുണ്യത്തോട് അഗാധമായ ബന്ധം പുലർത്തിയിരുന്നു. 2006-ൽ അർബുദം ബാധിച്ച് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട അക്യുട്ടിസ് ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കുന്നതിനായി തന്റെ സാങ്കേതിക കഴിവുകൾ ഉപയോഗിച്ചു. ദിവ്യകാരുണ്യത്തെ ‘സ്വർഗത്തിലേക്കുള്ള എന്റെ ഹൈവേ’ എന്നാണ് അക്യുട്ടിസ് വിശേഷിപ്പിച്ചിരുന്നത്.
രോഗം സ്ഥീരികരിക്കപ്പെട്ടതിന് ശേഷം കാർലോ ഭൂരിഭാഗം സമയവും ചെലവഴിച്ചിരുന്നത് ഇറ്റലിയിലായിരുന്നു. മരിച്ച് ഒരു വർഷത്തിന് ശേഷം ഭൗതിക ശരീരം അസീസിയിലേക്ക് മാറ്റിയിരുന്നു. കാർലോയുമായി ബദ്ധപ്പെട്ട എല്ലാ വസ്തുക്കളോടൊപ്പം ശരീരം ഇറ്റലിയിൽ വിശ്വാസികൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. 2020-ൽ ഫ്രാൻസിസ് മാർപാപ്പ അദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ച ദിവ്യകാരുണ്യ വർഷത്തിൽ ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള ഒരു പ്രദർശനം കുടുംബാംഗങ്ങളുടെ സഹായത്തോടെ അക്യുട്ടിസ് നടത്തി. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസുള്ളപ്പോൾ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയിരിന്നു. കാർലോ ഒരുക്കിയ ദിവ്യകാരുണ്യ വിർച്വൽ ലൈബ്രറിയുടെ പ്രദർശനം അഞ്ച് ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്.