ന്യൂയോര്‍ക്ക്: 2024 വിട പറയാനൊരുങ്ങുമ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ബൈബിള്‍ വാക്യം വിശുദ്ധ പൗലോസ് ശ്ലീഹാ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തിലെ നാലാം അധ്യായം ആറാം വാക്യം.
'ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവ സന്നിധിയില്‍ അര്‍പ്പിക്കുവിന്‍' എന്ന വചനമാണ് 2024 ല്‍ ലോകമെമ്പാടും ഏറ്റവുമധികം വായിക്കപ്പെട്ടതും പങ്കുവെയ്ക്കപ്പെട്ടതുമെന്ന് പ്രമുഖ ബൈബിള്‍ ആപ്ലിക്കേഷനായ യൂവേര്‍ഷന്‍ വെളിപ്പെടുത്തി.
'ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോട് കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത് കൈകൊണ്ട് ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും' (ഏശയ്യാ 41:10) എന്ന വചനമായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷമായി ജനപ്രിയ ബൈബിള്‍ വാക്യമായി തിരഞ്ഞെടുത്തത്.

നമ്മുടെ സമൂഹം പ്രാര്‍ത്ഥനയില്‍ ദൈവത്തെ അന്വേഷിക്കുകയും ഭാരങ്ങളില്‍ അവനില്‍ പ്രത്യാശ കണ്ടെത്തുകയും ചെയ്യുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇത്തവണ ഫിലിപ്പി 4:6 തിരഞ്ഞെടുക്കാന്‍ കാരണമെന്ന് യൂവേര്‍ഷന്‍ സ്ഥാപകനും സിഇഒയുമായ ബോബി ഗ്രുനെവാള്‍ഡ് പറഞ്ഞു.
ബൈബിള്‍ ആപ്ലിക്കേഷനില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പദങ്ങളുടെ പട്ടികയില്‍ 'പ്രാര്‍ത്ഥന', 'സമാധാനം' എന്നീ വാക്കുകള്‍ മുന്‍ നിരയിലുണ്ട്. ആപ്പിലെ പ്രാര്‍ത്ഥന ഫീച്ചര്‍ ഉപയോഗിച്ച് ഇടപഴകുന്നതില്‍ 46 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും യൂവേര്‍ഷന്‍ വെളിപ്പെടുത്തി.
മധ്യ കിഴക്കന്‍ ആഫ്രിക്കയില്‍ ബൈബിള്‍ ഉപയോഗത്തില്‍ ഏറ്റവും വലിയ കുതിച്ചു ചാട്ടമാണ് കണ്ടതെന്നും കമ്പനി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള 875 ദശലക്ഷത്തിലധികം ഡിവൈസുകളിലാണ് YouVersion ബൈബിള്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കുന്നത്.