മഞ്ഞ് (കവിത)

മഞ്ഞ് (കവിത)

മഞ്ഞ് പെയ്യുന്ന ഒരു രാത്രി
മാനത്ത് മാലാഖമാർ
നിരയായി വന്നു.
വെളിച്ചം ഇരുളിനെ
കീറി മുറിച്ചു,
ഇരുളിൻ്റെ
കൂർത്ത
രൗദ്ര ദംഷ്ട്രകൾ
മുനയൊടിഞ്ഞ്
ചിതറി ...
"അത്യുന്നതങ്ങളിൽ
ദൈവത്തിന് സ്തുതി "
മരുഭുമിയിൽ നിന്ന്
ഒരു സുഗന്ധം
വായുവിൽ
ഉയർന്നു പരന്നു
ഉഷ്ണക്കാറ്റ് നിലച്ചു.
ഇരതേടി
മണലിൽ ഒളിച്ചു
കിടന്ന വിഷപ്പാമ്പ്
തലയുയത്തി
ആകാശത്തേക്ക് നോക്കി,
വലിയൊരു പ്രകാശം
തിരുവചനങ്ങളുടെ ചലനം.
ഹവ്വയുടെ ഉടലിൽ
ഇഴഞ്ഞ് കയറി പാമ്പ്
മറിയത്തിൻ്റെ
മുഖത്തേക്ക് നോക്കി
കണ്ണുകളിൽ തിളക്കം
അമ്മയുടെ സ്നേഹം ...
അനുസരണം ...
അരികിൽ
സ്ത്രീയുടെ സന്തതി!
മഞ്ഞ് കണങ്ങളിൽ
വെളിപാടുകൾ തിളങ്ങി,
ഒരാൾ മരുഭൂമിയിൽ
വിളിച്ച് പറയുന്നു
താഴ്‌വരകള്‍
നികത്തപ്പെടണം,
കുന്നുകളും മലകളും
നിരത്തപ്പെടണം,
പരുപരുത്തവ
മൃദുവാക്കപ്പെടണം,
അയാൾ വഴിയൊരുക്കുകയാണ്....
നല്ലതല്ലാത്തതൊക്കെ
തീ തിന്ന് ചാരമാകും
കാലത്തെ കീറി
മുറിച്ചവൻ
ഒരുനാൾ
മരുഭൂമിയിലേക്ക് വരും.
പാമ്പ് മണലിലേക്ക്
തല താഴ്ത്തി ...
ഉറക്കമുണർന്ന്
ആടുകൾ തുള്ളിച്ചാടി,
ആട്ടിടയർ മഞ്ഞിൽ കുളിച്ച്
അടയാളം അന്വേഷിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.