വത്തിക്കാൻ സിറ്റി: നിക്കരാഗ്വ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങൾ കടന്നുപോകുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ആശങ്ക പരസ്യമാക്കി ഫ്രാൻസിസ് മാർപാപ്പ. നയതന്ത്ര സേനയുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്‌ചക്കിടെയാണ് മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചത്.
ബൊളീവിയ, കൊളംബിയ, നിക്കരാഗ്വ തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങൾ കടന്ന് പോകുന്ന സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചയിൽ ഏർപ്പെടാൻ വത്തിക്കാൻ എപ്പോഴും തയ്യാറാണെന്ന് പാപ്പ പറഞ്ഞു.
സഭയുടെ ആളുകളോടും സ്ഥാപനങ്ങളോടുമുള്ള നടപടികളെ ആശങ്കയോടെ കാണുന്നു. തൊഴിൽ അടിമത്തം, മയക്കുമരുന്ന് അടിമത്തം, മനുഷ്യക്കടത്ത് എന്നിങ്ങനെ നിലവിലുള്ള അടിമത്തത്തിന്റെ വിവിധ കാര്യങ്ങൾ ഉന്മൂലനം ചെയ്യാനും പാപ്പ ആഹ്വാനം ചെയ്തു.
വെനിസ്വേല നേരിടുന്ന ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിൽ സത്യം, നീതി, സ്വാതന്ത്ര്യം എന്നിവയുടെ മൂല്യങ്ങൾ ആത്മാർഥമായി പാലിച്ചാൽ മാത്രമേ ഇത് മറികടക്കാൻ കഴിയൂ. ഓരോ വ്യക്തിയുടെയും ജീവൻ, അന്തസ്, അവകാശങ്ങൾ എന്നിവയെ മാനിക്കണമെന്നും പാപ്പ പറഞ്ഞു.
കുടിയേറ്റക്കാരുടെ സംരക്ഷണവും നീതി നടപ്പാക്കാനും വധശിക്ഷ ഒഴിവാക്കാനും തടവുകാരുടെ ശിക്ഷയിൽ ഇളവ് നൽകാനുമുള്ള തന്റെ ആഗ്രഹവും ഈ ജൂബിലി വർഷത്തിൽ പാപ്പ പ്രകടമാക്കി.