ജൂബിലി വര്‍ഷം കൃപ നിറഞ്ഞതാക്കാന്‍ രക്ഷയുടെ ആവശ്യകത അംഗീകരിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

 ജൂബിലി വര്‍ഷം കൃപ നിറഞ്ഞതാക്കാന്‍ രക്ഷയുടെ ആവശ്യകത അംഗീകരിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: രക്ഷയുടെ ആവശ്യകത അംഗീകരിക്കാനും ക്രിസ്തുവുമായുള്ള കണ്ടുമുട്ടല്‍ പുതുക്കാനുമുള്ള അവസരമാണ് ജൂബിലി വര്‍ഷമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച ത്രികാല പ്രാര്‍ഥനയ്ക്ക് മുമ്പ് വിശ്വാസികളെ അഭിസംബോധന ചെയ്തത് വചന സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പാ.
നസ്രത്തിലെ സിനഗോഗില്‍ ഒരുമിച്ചുകൂടിയവരോട് യേശു നടത്തിയ പ്രസംഗമാണ് (ലൂക്കാ 4: 16-30) ഈയാഴ്ചയിലെ വിചിന്തനങ്ങള്‍ക്ക് പരിശുദ്ധ പിതാവ് ആധാരമാക്കിയത്.

ഏശയ്യായുടെ പ്രവചനം തന്നില്‍ നിറവേറിയതായി യേശു പ്രഖ്യാപിക്കുന്ന ആ രംഗം നമുക്ക് മനസിലേക്ക് കൊണ്ടുവരാം. അവിടുന്ന് അന്ന് നടത്തിയ ഈ പ്രഖ്യാപനം കേള്‍വിക്കാരെ ആശ്ചര്യപ്പെടുത്തി. അത് അവര്‍ക്ക് ഒരു വെല്ലുവിളിയുമായിരുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു.

നസ്രത്തിലെ ജനങ്ങളുടെ ഞെട്ടലും അമ്പരപ്പും നമുക്ക് ഭാവനയില്‍ കാണാം - പാപ്പാ പറഞ്ഞു. 'ഇവന്‍ ഒരു തച്ചന്റെ മകനല്ലേ? ഉന്നത പദവിയിലേക്ക് തന്നെത്തന്നെ ഉയര്‍ത്തുന്ന ഒരു അഹംഭാവിയല്ലേ ഇവന്‍? അതോ പാപത്തില്‍ നിന്നും തിന്മയില്‍ നിന്നും മനുഷ്യരെ രക്ഷിക്കാനായി ദൈവം അയച്ച ഒരു മനുഷ്യനാണോ ഇവന്‍? യേശുവിന്റെ സ്വന്തം പട്ടണത്തില്‍ നിന്നുള്ള ആളുകള്‍ക്ക് നിര്‍ണായകമായ ഈ ചോദ്യങ്ങളായിരുന്നു ആ സമയം അഭിമുഖീകരിക്കേണ്ടി വന്നതെന്ന് പാപ്പാ വിശദീകരിച്ചു. അവര്‍ക്ക് യേശുവിനെ നന്നായി അറിയാമെന്നാണ് അവര്‍ കരുതിയത്. അത് മനസുകളും ഹൃദയങ്ങളും തുറക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു. പകരം വെളിച്ചം മറയ്ക്കുന്ന ഒരു മൂടുപടമായി അത് മാറി.

കാലാതീതമായ ഒരു വെല്ലുവിളി

ഈ സുവിശേഷ ഭാഗം, യേശുവിനെക്കുറിച്ചുള്ള ബോധ്യം വിലയിരുത്താന്‍ വിശ്വാസികളെ ഇന്നും ക്ഷണിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. യേശുവിനെപ്പറ്റി എല്ലാം അറിയുന്നവരാണ് നാം എന്ന കെണിയില്‍ അവരെപ്പോലെ നാമും വീണുപോയേക്കാം. 'സ്‌കൂളില്‍, ഇടവകയില്‍, വേദപാഠം ക്ലാസില്‍, ഒരുപക്ഷേ കത്തോലിക്കാ സംസ്‌കാരമുള്ള ഒരു രാജ്യത്തില്‍ യേശുവിനോടൊപ്പം വളര്‍ന്നവരാണ് എന്ന് അഭിമാനിക്കുന്നവരായിരിക്കാം നാം...അങ്ങനെ യേശു വളരെ അടുത്ത വ്യക്തിയാണെന്ന് നമുക്കും തോന്നുന്നുണ്ടാകാം' - പാപ്പ വ്യക്തമാക്കി. അവിടുന്ന് ദൈവപുത്രനും നമ്മുടെ രക്ഷകനുമാണ് എന്നുള്ള യാഥാര്‍ത്ഥ്യമാണോ നാം യേശുവിനെക്കുറിച്ച് മനസിലാക്കിയിരിക്കുന്നതെന്നും അദേഹം ചോദിച്ചു.

നസറായനായ യേശുവിന്റെ വാക്കുകള്‍ക്കുള്ള അതുല്യമായ ആധികാരികതയെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടോ? മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത രക്ഷയെപ്പറ്റിയുള്ള പ്രഖ്യാപനമാണ് അവിടുന്ന് നടത്തിയത് എന്ന് നാം മനസിലാക്കിയിട്ടുണ്ടോ? രക്ഷ പ്രാപിക്കണം എന്ന നമ്മുടെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുകയും അത് അംഗീകരിക്കുകയും ചെയ്താല്‍ മാത്രമേ ഈ ജൂബിലി വര്‍ഷം കൃപയുടെ ഒരു വര്‍ഷമായി മാറുകയുള്ളൂ - മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോട് ഇക്കാര്യത്തിനായി മാര്‍ഗ നിര്‍ദേശം തേടണമെന്ന് പാപ്പാ പറഞ്ഞു. യേശുവിനെ യഥാര്‍ത്ഥത്തില്‍ മനസിലാക്കാന്‍, ദൈവമാതാവും നമ്മുടെ അമ്മയുമായ മറിയത്തിലേക്ക് നമുക്ക് ആത്മവിശ്വാസത്തോടെ തിരിയാമെന്നും വ്യക്തമാക്കിക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴാച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.