വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിഭാഗങ്ങളുമായുള്ള സമ്പൂര്‍ണ ഐക്യത്തിനുള്ള തന്റെ ആഗ്രഹം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഓർത്തഡോക്സ് വൈദികരും സന്യാസികളുമായി നടന്ന കൂടിക്കാഴ്ചക്കിടെയാണ് പാപ്പ തന്റെ ആഗ്രഹം ആവർത്തിച്ചത്.
പൊതുവായ വിശ്വാസത്തിന്റെ പ്രഖ്യാപനത്തിന് പരസ്പരം സ്‌നേഹിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പ പറഞ്ഞു. വിഭജിച്ച് നില്‍ക്കുന്ന ക്രൈസ്തവര്‍ ഏക വിശ്വാസം ഏറ്റുപറയുന്നതിലൂടെ ഐക്യം കണ്ടത്തണം. നിഖ്യാ വിശ്വാസ പ്രമാണം എല്ലാ ക്രിസ്ത്യാനികളെയും ഒന്നിപ്പിക്കുന്നതാണ്.
ദൈവശാസ്ത്രപരമായ തലത്തിൽ വിശ്വാസ പ്രമാണം എന്നത് പരസ്പരം യോജിപ്പോടെ വർത്തിക്കാൻ ഉതകുന്നതാണ്. ദൈവവുമായുള്ള ഐക്യം സംഭവിക്കുന്നത് ഒരേ വിശ്വാസം പ്രഖ്യാപിക്കുന്ന ക്രിസ്ത്യാനികൾക്കിടയിലുള്ള ഐക്യത്തിലൂടെയാണെന്നും മാർപാപ്പ കൂടിക്കാഴ്ചയിൽ ഓർമ്മപ്പെടുത്തി. ഈ സംഗമം നമ്മുടെ ഐക്യത്തിന്റെ ദൃശ്യമായ അടയാളമായിരിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു.
ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിക്കാസ്റ്ററി സംഘടിപ്പിച്ച റോമിലേക്കുള്ള അഞ്ചാമത്തെ പഠന സന്ദർശനത്തിൽ അർമേനിയൻ, കോപ്റ്റിക്, എത്യോപ്യൻ, എറിത്രിയൻ, മലങ്കര, സിറിയൻ ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ നിന്നുള്ള പുരോഹിതന്മാരും സന്യാസികളും പങ്കെടുത്തിരുന്നു.