വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രധാന അൾത്താരയുടെ ബലിപീഠത്തിന് മുകളിൽ കയറി യുവാവിന്റെ അതിക്രമം. അൾത്താരയിലിരുന്ന ആറ് മെഴുകു തിരികൾ നിലത്തേക്ക് വലിച്ചെറിയുകയും ബലിപീഠത്തിലെ വിരി നീക്കം ചെയ്യുകയും ചെയ്തു. വിശ്വാസികള്‍ ദേവാലയം സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രതി അക്രമം നടത്തിയത്.
അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ കസ്റ്റഡിയിലെടുത്തു. പ്രതി റൊമാനിയൻ വംശജനാണെന്നും കുറ്റം സമ്മതിച്ചെന്നും വത്തിക്കാൻ പൊലിസ് പറഞ്ഞു. പ്രതി ഗുരുതരമായ മാനസിക വൈകല്യമുള്ള വ്യക്തിയാണെന്ന് അധികാരികള്‍ അറിയിച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു.
2023 ലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ബലിപീഠത്തിൽ കയറി വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിച്ചയാളെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.