വത്തിക്കാൻ സിറ്റി : വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അൾത്താരയിലെ ബലീപീഠത്തിൽ കയറി യുവാവ് നടത്തിയ അതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വാസ്തുവിദ്യ ശിൽപ്പിയായിരുന്ന
ജിയാൻ ലോറെൻസോ ബെർണിനി ബസിലിക്കയിലൊരുക്കിയ പ്രശസ്തമായ ശിലാ മേൽക്കൂരയ്ക്ക് സമീപത്തെ അൾത്താരയിലായിരുന്നു യുവാവിന്റെ അക്രമം.
31000 യു. എസ് ഡോളർ (ഏകദേശം 2,716,481 രൂപ) വിലവരുന്ന മെഴുകുതിരിക്കാലുകളാണ് യുവാവ് നശിപ്പിച്ചത്. മാർപ്പാപ്പമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉപയോഗിക്കുന്ന മെഴുകുതിരിക്കാലുകളാണ് ഇവ. ബലിപീഠത്തിലുണ്ടായിരുന്ന വിരി നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഭടന്മാർ അക്രമിയെ പിടികൂടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ദേവാലയത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 1972 ൽ ആക്രമണം നേരിടേണ്ടി വന്ന മൈക്കലാഞ്ചലോ ഒപ്പുവെച്ച വ്യാകുല മാതാവിന്റെ ശിൽപത്തിന് ചില്ലു കൊണ്ടുള്ള കവചം നൽകിയിരുന്നു.
കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തിലാണ് വിശ്വാസികളെ ആശങ്കയിലാക്കുകയും നടുക്കുകയും ചെയ്യുന്ന ഈ സംഭവം നടന്നത്. 32 ദശലക്ഷം തീർത്ഥാടകർ റോമിൽ ജൂബിലി വർഷത്തിൽ എത്തുമെന്നാണ് പ്രതീക്ഷ. 2019 ലും സമാനമായ രീതിയിൽ വിളക്കുകാലുകൾ ഒരു യുവാവ് അൾത്താരയിൽ നിന്ന് വലിച്ചെറിഞ്ഞിരുന്നു.