ഒരു നാൾ
കാക്ക പറഞ്ഞു
എൻ്റെ നിറം കറുപ്പാണെന്ന്
കറുപ്പാണ് നല്ലതെന്ന്.
കൊക്ക് പറഞ്ഞു
എൻ്റെ നിറം വെളുപ്പാണ്
വെളുപ്പാണ് നല്ലതെന്ന്.
കാക്ക കുളിച്ചാൽ കൊക്കാവില്ല
എന്ന് കൊക്കും,
കാക്ക കണ്ടറിയും കൊക്ക്
കൊണ്ടറിയും എന്ന് കാക്കയും
വിളിച്ച് പറഞ്ഞു.
പഴഞ്ചൊല്ലിൽ പതിരില്ല
എന്ന് ഉറപ്പിച്ചു ഞാൻ.
പഠിക്കാത്ത
പാഠപുസ്തകത്തിലെ
അക്ഷരങ്ങളിൽ ഒളിച്ചിരുന്ന
മാർക്കുകൾ പലചരക്കുകാരൻ
പരിപ്പിനും പയറിനും മല്ലിക്കുമൊപ്പം
തൂക്കി വിറ്റു.....
പാഠപുസ്തകത്തിലേക്ക് നോക്കി
പഴഞ്ചൊല്ലുകൾ മാത്രം
തെളിഞ്ഞ് നിന്നു.
ക്ലാവു പിടിച്ച
മണ്ണെണ്ണ വിളക്കിൻ്റെ
കറുത്ത പുകയിൽ
ശ്വാസകോശം കറുത്തു
പോയി എന്ന്
പഠിക്കാത്തതിന്
കാരണമായി ടീച്ചറോട്
സ്വകാര്യം പറഞ്ഞു.
യാത്രക്കിടയിൽ,
വർണ്ണനിറവിൽ,
ഒരാൾക്ക്
ഹൃദയം കാണിച്ച്
കൊടുത്തപ്പോൾ പറയുന്നു
ചെമ്പരത്തി പൂവാണ് എന്ന്;
ഇത്, കേട്ടു കേട്ട്
പഴകിയതാണെന്നും
നിറമറിയാത്തതുകൊണ്ടുള്ള
തെറ്റാണെന്ന് ഞാനും.
ഒരു മഴക്കാലത്ത്
ഏഴ് നിറങ്ങൾ ചാലിച്ച്
ആകാശം മഴവില്ലിന്
ജന്മം കൊടുത്തു,
കറുപ്പും വെളുപ്പും
ആകാശത്തോട് പരിതപിച്ചു,
ചുവപ്പുമോറഞ്ചും
മഞ്ഞയും പച്ചയും
നീലയുമിൻഡിഗോയും
വയലറ്റും ചാലിച്ച്
ചേർക്കാമെങ്കിലെന്തേ
കറുപ്പും വെളുപ്പും തഴഞ്ഞു
നീ മാനമേ....
കണ്ണടച്ചിരുട്ടാക്കുന്നവർ
പെരുകുന്നൊരീ
വർത്തമാനകാലത്ത്
വെൺമ നിറഞ്ഞോരു
മനമെവിടെ എന്ന്
തിരഞ്ഞു ഞാൻ...
കാക്ക കറുത്ത്
തന്നെയിരിക്കട്ടെ
കൊക്ക് വെളുത്തുമിരിക്കട്ടെ ,
നിറങ്ങൾ ഇണചേർന്ന്
നിറങ്ങളുണ്ടാവട്ടെ...