ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ വിമാനം തല കീഴായി മറിഞ്ഞ് അപകടം. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്ക്. ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനമാണ് ലാന്‍ഡ് ചെയ്തതിന് പിന്നാലെ തല കീഴായി മറിഞ്ഞത്.
76 യാത്രക്കാരും നാല് ജീവനക്കാരും അടക്കം 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ ആയിരുന്നു അപകടം.
യു.എസിലെ മിനസോട്ട സംസ്ഥാനത്തിലെ മിനിയാപൊളിസില്‍ നിന്നും ടൊറന്റോയിലേക്ക് എത്തിയ ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞ് മൂടിയ റണ്‍വേയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്. കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം.
ടൊറന്റോ പിയേഴ്സണ്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ നാല്‍പ്പതിലധികം വിമാനങ്ങള്‍ വൈകിയതായി വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റോപ്പ് സ്ഥിരീകരിച്ചു.
കിഴക്കന്‍ കാനഡയില്‍ ഞായറാഴ്ച മുതല്‍ വലിയ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഇതിനൊപ്പം കൊടുങ്കാറ്റും ഉണ്ട്. മോശം കാലാവസ്ഥ കാരണം വാരാന്ത്യങ്ങളില്‍ റദ്ദാക്കിയ വിമാന സര്‍വീസിന് പകരം കമ്പനികള്‍ തിങ്കളാഴ്ച അധികം സര്‍വീസ് നടത്തിയിരുന്നു. തിങ്കളാഴ്ച ടൊറന്റോയില്‍ ശക്തമായ കാറ്റും കൊടുംതണുപ്പും അനുഭവപ്പെട്ടിരുന്നു.