മരിയ കൊറിന മച്ചാഡോയ്ക്കായി നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി മകള്‍ ; ആദര സൂചകമായി ഓസ്ലോയില്‍ പന്തംകൊളുത്തി പ്രകടനം

മരിയ കൊറിന മച്ചാഡോയ്ക്കായി നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി മകള്‍ ; ആദര സൂചകമായി ഓസ്ലോയില്‍ പന്തംകൊളുത്തി പ്രകടനം

നോര്‍വേ: വെനസ്വേലന്‍ സമാധാന നോബല്‍ സമ്മാന ജേതാവ് മരിയ കൊറിന മച്ചാഡോയോടുള്ള ആദരസൂചകമായി ഓസ്ലോയില്‍ പന്തംകൊളുത്തി പ്രകടനം നടന്നു. മച്ചാഡോയുടെ മകള്‍ അന കൊറീന സോസ മച്ചാഡോ, നോബല്‍ സ്യൂട്ടിന്റെ ബാല്‍ക്കണിയില്‍ നിന്ന് പരേഡിനെ സ്വാഗതം ചെയ്തു. ഒരു വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുന്നതിനാല്‍ മച്ചാഡോയുടെ മകളാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഓസ്ലോയിലെ ഹോട്ടലില്‍ ഒരുക്കിയ വിരുന്നോടെയാണ് നോബല്‍ ആഘോഷങ്ങള്‍ അവസാനിക്കുന്നത്.

ഓസ്ലോയില്‍ നടക്കുന്ന നോബല്‍ പുരസ്‌കാര ദാന ചടങ്ങില്‍, സമാധാന പുരസ്‌കാര ജേതാവായ വെനെസ്വെലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ പങ്കെടുക്കില്ലെന്ന് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി അറിയിച്ചിരുന്നു. പകരം മച്ചാഡോയെ പ്രതിനീധീകരിച്ച് മകള്‍ ആനാ കൊറിന സോസാ മച്ചാഡോ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു. സുരക്ഷ കണക്കിലെടുത്താണ് യാത്ര ഒഴിവാക്കുന്നതെന്നാണ് വിശദീകരണം.

ഒരു ദശാബ്ദത്തിലധികമായി വെനെസ്വെലന്‍ സര്‍ക്കാരിന്റെ യാത്രാ ഉപരോധം നേരിടുന്ന മച്ചാഡോ ഒരു വര്‍ഷമായി ഒളിവിലാണ്. ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമാധാനപരമായ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയ്ക്കാണ് ഒക്ടോബര്‍ 10 ന് മച്ചാഡോയെ നോബല്‍ സമാധാന പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തത്. നാര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അവരെ അവാര്‍ഡ് സ്വീകരിക്കാന്‍ ഓസ്ലോയിലേക്ക് ക്ഷണിച്ചിരുന്നു,

വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അക്ഷീണ പ്രയത്‌നത്തിനും സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് മരിയക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.