രണ്ട് കുട്ടികളടക്കം നാല് ഇസ്രയേൽ ബന്ദികളുടെ മൃതദേഹം കൈമാറി ഹമാസ് ; ഇന്ന് ഇസ്രയേലിന്റെ ദുഖ ദിനമെന്ന് നെതന്യാഹു

രണ്ട് കുട്ടികളടക്കം നാല് ഇസ്രയേൽ ബന്ദികളുടെ മൃതദേഹം കൈമാറി ഹമാസ് ; ഇന്ന് ഇസ്രയേലിന്റെ ദുഖ ദിനമെന്ന് നെതന്യാഹു

ഗാസ സിറ്റി: വെടിനിർത്തൽ കരാറിൻ്റെ ഘട്ടത്തിലാദ്യമായി ഇസ്രയേൽ ബന്ദികളുടെ മൃതദേഹം കൈമാറി ഹമാസ്. നാല് പേരുടെ മൃതദേഹമാണ് കൈമാറിയത്. കെഫിര്‍ ബിബാസ്, സഹോദരി ഏരിയല്‍, മാതാവ് ഷിരി ബിബാസ് എന്നിവര്‍ക്ക് പുറമെ 83 കാരനായ ഓഡെഡ് ലിഫ്ഷിറ്റ്‌സ് എന്നിവരുടെ മൃതദേഹങ്ങളാണ് ഹമാസ്  റെഡ് ക്രോസിന് കൈമാറിയത്.

ഗാസയിലെ ഖാൻ യൂനിസിലെ ബനി സുഹൈലയിലാണ് കൈമാറ്റം നടന്നത്. മൃതദേഹം കൈമാറുന്ന സമയത്ത് സ്ഥലത്ത് ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അവരിൽ പലരും ഇസ്രയേൽ പതാക ഉടർത്തിപ്പിടിച്ചാണ് നിന്നിരുന്നത്. കൈമാറ്റത്തിന് പിന്നാലെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വാഹനവ്യൂഹം ഇസ്രയേലിലേക്ക് പുറപ്പെട്ടു.

ബന്ദികളുടെ ജീവൻ രക്ഷിക്കാൻ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്തുവെന്ന് ഹമാസ് അവകാശപ്പെട്ടു. 2023 നവംബറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും അവർ അറിയിച്ചു.

ബന്ദികളുടെ മരണം സ്ഥിരീകരിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 'ഇസ്രയേലിന്റെ ദുഖകരമായ ദിനം' എന്നാണ് പ്രതികരിച്ചത്. രാജ്യത്തിന്റെ ഹൃദയം തകർന്ന ദിവസമാണ്. വീര മൃത്യുവരിച്ചവരെ ഞങ്ങൾ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നു എന്നും നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ മാസം ബന്ദിമോചന കരാർ നിലവിൽ വന്നതോടുകൂടിയാണ് ബന്ദികളെ കൈമാറാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചത്. രണ്ടാം ബന്ദിമോചന ചർച്ചകൾ ആരംഭിക്കുന്നുവെന്ന വാർത്ത പുറത്തുവരുന്ന ഘട്ടത്തിലാണ് മൃതദേഹം കൈമാറാനുള്ള നീക്കം ഹമാസ് നടത്തിയത്.

ഇതിനിടയിൽ ശനിയാഴ്ചയോടെ ആറ് ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. എന്നാൽ ബന്ദികളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇസ്രയേൽ തടവിലാക്കിയ നൂറുകണക്കിന് പാലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ആറ് ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസിൻ്റെ അറിയിപ്പിൽ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.