ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് ദക്ഷിണ അരിസോണയില്‍ രണ്ട് മരണം; ഒരു മാസത്തിനിടയിലെ നാലാമത്തെ വിമാനാപകടം

 ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് ദക്ഷിണ അരിസോണയില്‍ രണ്ട് മരണം; ഒരു മാസത്തിനിടയിലെ നാലാമത്തെ വിമാനാപകടം

ഫീനിക്‌സ്: ദക്ഷിണ അരിസോണയില്‍ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് മരണം. പറക്കലിനിടെ പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിതായി ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് അറിയിച്ചു.

യു.എസില്‍ ഒരു മാസത്തിനിടെ ഇത് നാലാമത്തെ വിമാനാപകടമാണ്. കാനഡയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 3:30 ന് ടൊറന്റോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഡെല്‍റ്റ 4819 എന്ന യാത്രാ വിമാനം തലകീഴായി മറിഞ്ഞ് 19 യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. നാല് കാബിന്‍ ക്രൂ അംഗങ്ങള്‍ അടക്കം 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യു.എസിലെ മിനസോട്ട സംസ്ഥാനത്തിലെ മിനിയാപൊളിസില്‍ നിന്നും ടൊറന്റോയിലെത്തിയ ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ആഴ്ച അരിസോണയില്‍ ഗായകന്‍ വിന്‍സ് നീലിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ ജെറ്റ് റണ്‍വേയില്‍ നിന്ന് തെന്നിമാറി ബിസിനസ് ജെറ്റുമായി കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചിരുന്നു.

ജനുവരിയില്‍ വാഷിങ്ടനിലെ റൊണാള്‍ഡ് റെയ്ഗന്‍ നാഷനല്‍ എയര്‍പോര്‍ട്ടില്‍ യാത്രാ വിമാനം ഹെലികോപ്റ്ററില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 67 പേരാണ് മരിച്ചത്. കൂട്ടിയിടിക്ക് 30 സെക്കന്‍ഡ് മുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഹെലികോപ്റ്ററിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.