ടെൽ അവീവ്: വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി കൈമാറിയ ഇസ്രയേൽ ബന്ദികളുടെ മൃതദേഹങ്ങളിൽ ഒന്ന് തിരിച്ചറിയാൻ സാധിച്ചില്ല. കൈമാറിയതിൽ ഒന്ന് ബന്ദികളിൽ ഒരാളായ ഷിരി ബിബാസിൻ്റെതാണെന്നായിരുന്ന് ഹമാസ് അറിയിച്ചിരുന്നത്. എന്നാൽ ഡിഎൻഎ പരിശോധനയ്ക്ക് പിന്നാലെ മൃതശരീരം ഷിരി ബിബാസിൻ്റെതല്ലെന്ന് തിരിച്ചറിഞ്ഞു.
ഹമാസ് നടത്തിയത് കരാര്‍ ലംഘനമെന്ന് ഇസ്രയേല്‍ അപലപിച്ചു. ഹമാസിൻ്റെ വാദം തെറ്റാണെന്നും ഷിരി ബിബാസിൻ്റെ മൃതദേഹം ഹമാസ് കൈമാറിയില്ലെന്നും ഇസ്രയേൽ ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ആദ്യമായാണ് കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറിയത്. ബന്ദികളായ ഷിരി ബിബാസും അവരുടെ ഒമ്പത് മാസവും നാല് വയസും പ്രായമുള്ള കുട്ടികളായ ഏരിയൽ, ക്ഫിർ എന്നിവരുടെ മൃതദേഹമാണ് കൈമാറുന്നതെന്നാണ് ഹമാസ് പറഞ്ഞിരുന്നത്.
ഇവരെല്ലാവരും 2023 നവംബറിൽ ഇസ്രയേലിന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാൽ ഇക്കാര്യം ഇസ്രയേൽ ഭരണകൂടം അംഗീകരിച്ചിട്ടില്ല. ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം കൈമാറാൻ ഹമാസ് തയ്യാറായത്.