വാഷിങ്ടൺ: സൈനികർക്കായി ആത്മീയ ശുശ്രൂഷകൾ നിർവഹിക്കുന്ന യുഎസിലെ അതിരൂപതക്ക് പുതിയ സഹായമെത്രാനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഫ്ലോറിഡയിലെ വെനീസ് രൂപതയിൽനിന്നുള്ള വൈദികനും സെന്റ് വിൻസെന്റ് ഡി പോൾ സെമിനാരിയിലെ വൈസ് റെക്ടറുമായ ഫാ. ഗ്രെഗ് എം കാജിയനെല്ലിയാണ് മെത്രാൻ സ്ഥാനത്തേക്ക് നിയുക്തയിരിക്കുന്നത്. യുഎസിലെ അപ്പസ്തോലിക് നുൺഷ്യോ കർദിനാൾ ക്രിസ്റ്റോഫ് പിയറിയാണ് നിയമന വിവരം പുറത്തുവിട്ടത്.
1968 ഓഗസ്റ്റ് 2-ന് ന്യൂയോർക്കിലെ കിങ്സ്റ്റണിലായിരുന്നു ഫാ. കാജിയനെല്ലിയുടെ ജനനം. മിഷിഗൻ യൂണിവേഴ്സിറ്റിയിൽനിന്ന് 1990-ല്‍ എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം, തുടർന്ന് ഡേയ്ട്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രിയും കരസ്ഥമാക്കി.
സെന്റ് വിൻസെന്റ് ഡി പോൾ സെമിനാരിയിൽ പഠനം തുടർന്ന അദ്ദേഹം ദൈവശാസ്ത്രത്തിൽ മാസ്റ്റേഴ്സും മിസൂറിയിലെ അക്വീനാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിൽ നിന്ന് ഹോമിലിറ്റിക്സിൽ ഡോക്ടറേറ്റും പൂർത്തിയാക്കി. 2002 ഒക്ടോബർ 25ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.
വൈദികനായശേഷം ഏതാനും ഇടവകകളിൽ വികാരിയായും വെനീസ് രൂപതയിലെ ദൈവവിളി -സെമിനാരിപരിശീലനം എന്നിവയുടെ ഡയറക്ടറായും ഫാ. കാജിയനെല്ലി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതൽ സെന്റ് വിൻസെന്റ് ഡി പോൾ സെമിനാരിയുടെ വൈസ് റെക്ടറായി അദ്ദേഹം ശുശ്രൂഷ നിർവഹിച്ചുവരികയായിരുന്നു. 1991 മുതൽ 1996 വരെ നിയുക്ത ബിഷപ് കാജിയനെല്ലി യുഎസ് എയർ ഫോഴ്സിൽ സജീവ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002 മുതൽ അദ്ദേഹം റിസർവ് ചാപ്ലെയ്നായി പ്രവർത്തിച്ചുവരുന്നു.
ആർമി, നേവി, എയർഫോഴ്സ്, മറീൻ കോർപ്സ്, കോസ്റ്റ് ഗാർഡ്, യുണൈറ്റഡ് സ്റ്റേറ്റ്സിനു പുറത്തുള്ള സർക്കാർ ഓഫീസുകൾ എന്നിവയിലെ കത്തോലിക്കാ വിശ്വാസികൾക്കായുള്ള അജപാലനപരവും ആത്മീയവുമായ വിവിധ ശുശ്രൂഷകളാണ് സൈനികർക്കു വേണ്ടിയുള്ള യുഎസ് അതിരൂപത നിർവഹിച്ചുവരുന്നത്.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്ഥാപിച്ച ഈ അതിരൂപത, ഇപ്പോൾ 29 രാജ്യങ്ങളിലായി 220-ഓളം യുഎസ് സൈനിക താവളങ്ങളിലെ സായുധസേനാംഗങ്ങൾക്കും യുഎസിന് പുറത്ത് 134 രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഫെഡറൽ ജീവനക്കാർക്കും മുഴുവൻ സമയ ആത്മീയ ശുശ്രൂഷകൾ നൽകിവരുന്നു.