ന്യൂ ഡൽഹി: മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അതിഷിയെ ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഡൽഹി നിയമസഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവാണ് അതിഷി.
ആം ആദ്മി പാർട്ടിയുടെ നിയമസഭാ കക്ഷി യോഗത്തിലാണ് എംഎൽഎമാർ ഏകകണ്ഠമായി അതിഷിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. യോഗത്തിൽ എഎപി ദേശീയ കൺവീനർ അരവിന്ദ് കെജരിവാളും 22 പാർട്ടി എംഎൽഎമാരും പങ്കെടുത്തു.
സഞ്ജീവ് ഝാ എംഎൽഎയാണ് അതിഷിയുടെ പേര് യോഗത്തിൽ നിർദേശിച്ചത്. ഡൽഹിയുടെ ചരിത്രത്തിലാദ്യമായാണ് ഒരേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതകൾ ആകുന്നത്. ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും.
"എന്നിൽ വിശ്വാസമർപ്പിച്ചതിന് ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജരിവാളിനും നിയമസഭാ പാർട്ടിക്കും നന്ദി. ശക്തമായ പ്രതിപക്ഷം ജനങ്ങളുടെ ശബ്ദം ഉയർത്തുന്നു. ബിജെപി നൽകിയ എല്ലാ വാഗ്ദാനങ്ങളും ആം ആദ്മി പാർട്ടി നിറവേറ്റും," അതിഷി പറഞ്ഞു.