ജനീവ: ജമ്മു കാശ്മീരില്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നുവെന്ന പാകിസ്ഥാന്റെ ആരോപണങ്ങള്‍ തള്ളി ഇന്ത്യ.
പാകിസ്ഥാന്‍ തന്നെ മനുഷ്യാവകാശ ലംഘനങ്ങളാല്‍ വലയുകയാണെന്നും മറ്റുള്ളവരെ പഠിപ്പിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സില്‍ (യുഎന്‍എച്ച്ആര്‍സി) യോഗത്തില്‍ ഇന്ത്യ തുറന്നടിച്ചു.
'പാകിസ്ഥാന്‍ നടത്തിയത് അടിസ്ഥാന രഹിതവും ദ്രോഹകരവുമായ പരാമര്‍ശങ്ങളാണ്. പാക് നേതാക്കളും പ്രതിനിധികളും തങ്ങളുടെ സൈനിക തീവ്രവാദ സമുച്ചയം കൈമാറിയ നുണകള്‍ കടമയോടെ പ്രചരിപ്പിക്കുന്നത് കാണുന്നത് ഖേദകരമാണ്' - ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ക്ഷിതിജ് ത്യാഗി പറഞ്ഞു.
യുഎന്‍ ചാര്‍ട്ടറുകളുടെയും പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനം എന്ന നിലയില്‍ കാശ്മീരില്‍ ജനങ്ങളുടെ സ്വയം നിര്‍ണയാവകാശം തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്നുവെന്ന് നേരത്തെ ഫോറത്തെ അഭിസംബോധന ചെയ്ത പാകിസ്ഥാന്‍ നിയമ, നീതികാര്യ, മനുഷ്യാവകാശ മന്ത്രി അസം നസീര്‍ തരാര്‍ ആരോപണമുന്നയിച്ചിരുന്നു. മേഖലയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നും അദേഹം അവശ്യപ്പെട്ടു.
അതേസമയം കാശ്മീരിന് മേലുള്ള പരമാധികാരം ആവര്‍ത്തിച്ച ഇന്ത്യ, മേഖലയിലെ പുരോഗതിയും വികസനവും ചൂണ്ടിക്കാട്ടി പാക് ആരോപണങ്ങളെ എതിര്‍ത്തു.
'ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി തുടരുമെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജമ്മു കാശ്മീര്‍ നേടിയ അഭൂതപൂര്‍വമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പുരോഗതി ശ്രദ്ധേയമാണെന്നും ക്ഷിതിജ് ത്യാഗി പറഞ്ഞു.
പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയാല്‍ മുറിവേറ്റ ഒരു പ്രദേശത്ത് സാധാരണ നില കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ് ഈ വിജയങ്ങളെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയോടുള്ള 'അനാരോഗ്യകരമായ അഭിനിവേശത്തിന്' പകരം സ്വന്തം ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ഭരണവും നീതിയും നല്‍കുന്നതില്‍ പാകിസ്ഥാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
മനുഷ്യാവകാശ ലംഘനങ്ങള്‍, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കല്‍, ജനാധിപത്യ മൂല്യങ്ങളുടെ വ്യവസ്ഥാപിതമായ തകര്‍ച്ച എന്നിവ സംസ്ഥാന നയങ്ങളില്‍ ഉള്‍പ്പെടുന്നതും തീവ്രവാദികളെ ധിക്കാരപൂര്‍വ്വം സംരക്ഷിക്കുന്നതുമായ ഒരു രാജ്യം എന്ന നിലയില്‍ പാകിസ്ഥാന് ആരെയും പഠിപ്പിക്കാന്‍ യോഗ്യതയില്ലെന്നും ത്യാഗി വ്യക്തമാക്കി.