വത്തിക്കാന്‍ സിറ്റി: വിശുദ്ധവാര തിരുകർമ്മങ്ങളുടെ സമയക്രമം പുറത്തുവിട്ട് വത്തിക്കാന്‍. ഫ്രാൻസിസ് മാർപാപ്പ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുമോ എന്ന് വ്യക്തമാക്കാതെയാണ് വത്തിക്കാൻ സമയക്രമം പ്രസിദ്ധീകരിച്ചത്.
ഏപ്രിൽ 13 ന് ആചരിക്കുന്ന ഓശാന ഞായറാഴ്ചയിലെ പരിശുദ്ധ കുർബാന പ്രാദേശിക സമയം രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടത്തപ്പെടും. ജെറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയമായ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് ദിവ്യബലി അർപ്പിക്കുമെന്ന് പേപ്പല്‍ മാസ്റ്റർ ഓഫ് സെറിമണി ആർച്ച് ബിഷപ്പ് ഡീഗോ റാവെല്ലി മാധ്യമങ്ങളെ അറിയിച്ചു. ഏപ്രിൽ 17 പെസഹ വ്യാഴാഴ്ച രാവിലെ 9.30 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസം കുർബാന നടക്കും. ഈ സമയത്ത് വിശുദ്ധ തൈലങ്ങൾ കൂദാശ ചെയ്യുകയും വൈദികര്‍ തങ്ങളുടെ പൗരോഹിത്യ വ്രതം പുതുക്കുകയും ചെയ്യും. ഫ്രാന്‍സിസ് മാർപാപ്പ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ദുഖവെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കർത്താവിന്റെ പീഡാനുഭവ ദിനം അനുസ്മരിച്ച് തിരുക്കര്‍മ്മങ്ങള്‍ നടക്കും. ഏപ്രിൽ 19 ദുഖ ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തന്നെ ഈസ്റ്റർ ജാഗരണ പ്രാര്‍ത്ഥനയും നടത്തപ്പെടും. ഏപ്രിൽ 20 ലെ ഈസ്റ്റർ ദിനത്തിന്റെ തിരുകർമ്മങ്ങൾ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കും. തുടർന്ന് റോമിനും ലോകത്തിനും വേണ്ടിയുള്ള ‘ഊർബി ഏറ്റ് ഓർബി’ ആശീർവാദം പാപ്പ നല്‍കുമെന്നാണ് കരുതപ്പെടുന്നത്.