തമ്പുരാൻ (കവിത)

തമ്പുരാൻ (കവിത)

കരചരണങ്ങൾ
ചേർത്തുവച്ച്
ക്രൂശിലാണികളാൽ
തറക്കപ്പെട്ട് തമ്പുരാൻ....
ക്രൂരരാം പടയാളികൾ
തീർത്ത രണച്ചാലുകൾ,
ചിന്തയിൽ
ഒററിക്കൊടുത്തവൻ
വലിച്ചെറിഞ്ഞ
മുപ്പത് വെള്ളിക്കാശിൻ്റെ
തിളക്കത്തിലലിഞ്ഞ്
രക്തക്കറയുമായി
കുശവൻ്റെ പറമ്പ്,
വിചാരണയുടെ രാത്രി
തണുപ്പിൽ
തീ കായുന്ന പരിചാരകർ,
പരിചയം പുതുക്കാൻ
തുളഞ്ഞെത്തുന്ന ചോദ്യം
ഭയം നിറഞ്ഞ്‌
മൂന്ന് തവണ
തള്ളിപ്പറഞ്ഞവൻ്റെ
കാതിൽ
ചിറകടിച്ച്
ഒരു പൂവൻ കോഴി
രണ്ട് തവണ
ഉച്ചത്തിൽ കൂവി..
നേരിൻ്റെ ഒരു നോട്ടം:....
ഉറക്കമില്ലാതെ തുറന്നു
വെച്ച കണ്ണുകൾ
നനഞ്ഞു കലങ്ങി .....
തള്ളിപ്പറഞ്ഞവൻ്റെ വിലാപം
കാൽവരിയോളം ഉയിർന്നു.
വിചാരണ
ചമ്മട്ടിയടികൾ
എന്താണ് സത്യം?
ചോദ്യങ്ങൾ
അട്ടഹാസങ്ങൾ
വിധി
കുരിശിൻ്റെ വഴിയിൽ
സങ്കട കാഴ്ചകൾ...
ഞാൻ
ഒറ്റിക്കൊടുത്തവനോ;
തള്ളിപ്പറഞ്ഞവനോ;
ചമ്മട്ടികൊണ്ടടിച്ചവനോ..
ആകാശത്തോളം
ഉയർന്ന് ചിന്തകൾ....
മുപ്പതു വെള്ളിക്കാശും
സത്യനിഷേധത്തിൻ്റെ
വീര്യവും ചുമന്ന്
വിശുദ്ധ നിലങ്ങളിൽ
കളകളേറെ വിതറി.
ഒടുവിൽ
വസ്ത്രങ്ങൾ
ഉരിഞ്ഞെടുത്തതും
ആണിപ്പഴുതുകളിലേക്ക്
കൈകാലുകൾ
വലിച്ചു നീട്ടിയതും
ഞാൻ.
കുരിശിൽ നിന്ന്
തെറിച്ച് വീണ
ചോരയുടെ
ചൂടിൽ പറുദീസ
തെളിഞ്ഞു വന്നു
ഇനി
ജീവൻ്റെ ഉയിർപ്പ്..
തിരിച്ചു നടക്കട്ടെ ഞാൻ
രക്ഷയുടെ
തമ്പുരാനിലേക്ക്....

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.