വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങും സമാധാന ചർച്ചകളുടെ വേദിയായി. മാർപാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയ യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കിയും തമ്മിൽ കൂടിക്കാഴ്ച നടത്തി.
ഫെബ്രുവരിയിൽ ഓവൽ ഓഫീസിലെ തർക്കത്തിന് ശേഷം ഇരുവരും തമ്മിൽ ചർച്ച നടത്തുന്നത് ഇതാദ്യമായാണ്. അന്ന് തെറ്റിപ്പിരിഞ്ഞ ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന സൂചനകളാണ് ഇതിന് പിന്നാലെ വൈറ്റ് ഹൗസിൽ നിന്നടക്കം പുറത്തുവരുന്നത്.
മാർപാപ്പയുടെ സംസ്കാര ചടങ്ങിന് മുന്നെ ട്രംപുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തിയെന്ന് സെലൻസ്കിയുടെ വക്താവ് ആണ് ആദ്യം അറിയിച്ചത്. പിന്നാലെ വൈറ്റ് ഹൗസും കൂടിക്കാഴ്ച സ്ഥിരീകരിച്ചു. കൂടികാഴ്ച ഫലപ്രദം എന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്.