വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം മുതൽ പുതിയ പാപ്പയെ തിരഞ്ഞെടുക്കപ്പെടും വരെ ഉപയോഗിക്കാവുന്ന ‘സെഡേ വക്കാന്റേ’ പ്രത്യേക സ്റ്റാംപുകൾ വത്തിക്കാൻ പുറത്തിറക്കി. വെള്ളിമേഘങ്ങൾക്കിടയിൽ മൂന്ന് മാലാഖമാർ പാപ്പയുടെ താക്കോലുമായി നിൽക്കുന്ന ചിത്രമാണ് സ്റ്റാംപിൽ.
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത് വരെ കത്തുകൾ, പോസ്റ്റ്കാർഡുകൾ, പാക്കേജുകൾ എന്നിവ അയയ്ക്കാൻ സെഡേ വേക്കന്റേ തപാൽ സ്റ്റാംപുകൾ ഉപയോഗിക്കാം. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതോടെ അവയുടെ തപാൽ മൂല്യം നഷ്ടപ്പെടും. എന്നിരുന്നാലും സ്റ്റാംപുകൾ ശേഖരിച്ചുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി പിന്നീടും ഇവ ലഭ്യമാണ്. ഈ സ്റ്റാംപുകളുടെ 500,000 സെറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്.
1.25 യൂറോ, 1.30 യൂറോ, 2.45 യൂറോ, 3.20 യൂറോ എന്നിങ്ങനെ നാല് മുഖവിലകളിലായാണ് വത്തിക്കാൻ സ്റ്റാംപുകൾ അച്ചടിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് സ്റ്റാംപുകൾ വിൽപ്പനയ്‌ക്കെത്തിയത്. മാർപാപ്പയെ തിരഞ്ഞെടുത്തതായി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രഖ്യാപിക്കുന്നതോടെ സ്റ്റാംപുകൾ അസാധുവാകും. ലാറ്ററൻ ഉടമ്പടി വത്തിക്കാൻ സിറ്റിയെ ഒരു പരമാധികാര സ്ഥാപനമായി സ്ഥാപിച്ച 1929 മുതലാണ് സെഡേ വേക്കന്റേ തപാൽ സ്റ്റാംപുകൾ പുറത്തിറക്കി തുടങ്ങിയത്.
മാർപാപ്പമാരുടെ ചരിത്തിൽ അപൂര്‍വമായി 2013ൽ ബെനഡിക്ട് പതിനാറാമൻ സ്ഥാനമൊഴിഞ്ഞപ്പോഴാണ് അവസാനമായി വത്തിക്കാൻ സ്റ്റാംപുകൾ പുറത്തിറക്കിയത്.