ഡാളസ്: ഡാളസ് സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയില്‍ മാതൃദിനം ആഘോഷിച്ചു. മെയ് 11 ന് ഞായറാഴ്ച 8:30 ന്റെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമായിരുന്നു ആഘോഷ പരിപാടികള്‍. ഇടവക വികാരി ഫാ. ജയിംസ് നിരപ്പേല്‍ മുഖ്യകാര്‍മികനും ഫാ. ജോസഫ് കാരക്കുന്നേല്‍ സഹകാര്‍മ്മികനും ആയിരുന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. ജോസഫ് കാരക്കുന്നേല്‍ വചന സന്ദേശം പങ്കുവച്ചു.
ദിവ്യബലിയ്ക്ക് ശേഷം മാതാക്കള്‍ വൈദികരില്‍ നിന്നും റോസാ പൂക്കള്‍ ഏറ്റുവാങ്ങി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഏവരും ദേവാലയ അങ്കണത്തില്‍ ഒരുമിച്ച് കൂടുകയും മാതാക്കള്‍ ഒരുമിച്ച് ചേര്‍ന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. ജൂബിലി ഹാളില്‍ പ്രത്യേക പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. പ്രഭാത ഭക്ഷണ ശേഷം ആഘോഷ പരിപാടികള്‍ സമാപിച്ചു.
ഇടവക കൈക്കാരന്‍മാരുടെയും പിതാക്കന്മാരുടെയും നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
ഇന്ത്യയ്ക്ക് പുറത്ത് ആദ്യത്തെ സിറോമലബാര്‍ സഭ ഇടവകയാണ് ഡാളസിലെ സെന്റ് തോമസ് സിറോ മലബാര്‍ ഇടവക. ബിഷപ് എമിററ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ആണ് ഇടവയ്ക്ക് രൂപം നല്‍കിയത്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യത്തെ സിറോ മലബാര്‍ രൂപത മെത്രാന്‍ ആയിരുന്നു ബിഷപ് എമിററ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്.