ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. ആദ്യ പത്ത് റാങ്കില്‍ ഒരു പെണ്‍കുട്ടി മാത്രമാണ് ഉള്ളത്. കേരളത്തില്‍ നിന്ന് ആരും ആദ്യ നൂറില്‍ ഉള്‍പ്പെട്ടില്ല.
കേരളത്തില്‍ നിന്ന് പരീക്ഷയെഴുതിയ 73,328 പേര്‍ അടക്കം 1,23,6531 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മലയാളികളില്‍ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്നിയ ഡിബിയാണ് ഒന്നാമതെത്തിയത്. 109-ാം റാങ്കാണ് അഖിലേന്ത്യാ തലത്തില്‍ ദീപ്നിയ നേടിയത്. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാര്‍ഥിയായിരുന്നു ദീപ്നിയ.
ആകെ 22,09,318 പേരാണ് ഇത്തവണ നീറ്റ് പരീക്ഷയെഴുതിയത്. മധ്യപ്രദേശില്‍ നിന്നുള്ള ഉത്കര്‍ഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയില്‍ നിന്നുള്ള കൃഷ്ണ ജോഷിക്കാണ് മൂന്നാം റാങ്ക്.
അഖിലേന്ത്യാ തലത്തില്‍ അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗര്‍വാളാണ് പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയത്. പെണ്‍കുട്ടികളില്‍ അഖിലേന്ത്യാ തലത്തില്‍ 18-ാം സ്ഥാനത്താണ് മലയാളിയായ ദീപ്നിയ ഡിബി. പരീക്ഷയെഴുതിയ മൂന്ന് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് 140 നും 200 നും ഇടയില്‍ മാര്‍ക്ക് ലഭിച്ചു.