ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ആറ് വിദേശ വിമാന സര്‍വീസുകള്‍ ചൊവ്വാഴ്ച റദ്ദാക്കി. എല്ലാം അഹമ്മദാബാദില്‍ ജൂണ്‍ 12 ന് അപകടത്തില്‍പ്പെട്ട ഡ്രീം ലൈനര്‍ ബോയിങ് വിഭാഗത്തില്‍പ്പെട്ടവ.
അപകടത്തിന് ശേഷം ആദ്യമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ എഐ 159 ഉള്‍പ്പെടെയുള്ള വിമാനങ്ങളുടെ സര്‍വീസ് ആണ് സാങ്കേതിക തകരാര്‍ അടക്കമുള്ള കാരണങ്ങളാല്‍ റദ്ദാക്കിയത്.
ഡല്‍ഹി-ദുബായ് (എഐ 915), ഡല്‍ഹി-വിയന്ന (എഐ 153) ഡല്‍ഹി-പാരീസ് (എഐ 143) ബംഗളുരു-ലണ്ടന്‍ (എഐ 133), ലണ്ടന്‍ -അമൃത്‌സര്‍ (എഐ 170) എന്നിവയാണ് റദ്ദാക്കിയ മറ്റുള്ള സര്‍വീസുകള്‍.
കഴിഞ്ഞ ദിവസം രാവിലെ ഹോങ്കോങില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ബോയിങ് 787-8 ഡ്രീം ലൈനറായ എഐ 315 വിമാനം സാങ്കേതിക തകരാര്‍ മൂലം അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ തകരാര്‍ കണ്ടെത്തിയതോടെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് ഹോങ്കോങില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.
സാങ്കേതിക തകരാര്‍ കാരണമല്ല, മറിച്ച് പ്രത്യേക പരിശോധനകളും വിമാനത്തിന്റെ ലഭ്യതയും എയര്‍ സ്‌പേസിലെ തിരക്കും കാരണമാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം.