നിലമ്പൂര്‍: യുഡിഎഫില്‍ ചേര്‍ത്താല്‍ ബേപ്പൂരില്‍ മത്സരിക്കാന്‍ തയ്യാറെന്ന് പി.വി അന്‍വര്‍. മരുമോനിസത്തിന്റെ അടിവേര് അറുക്കാന്‍ തയ്യാറാണെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ പറയുന്ന നിര്‍ദേശങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയാല്‍ മലയോര മേഖലയിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫിന് ലഭിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് തനിക്ക് വ്യക്തി വിരോധമില്ല. അദേഹത്തിന്റെ നിലപാട് തന്നെ അപമാനിക്കുന്നതായിരുന്നു. താന്‍ പിടിച്ചത് എല്‍ഡിഎഫ് വോട്ടുകളാണെന്നും പറഞ്ഞത് വസ്തുതയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ തിരഞ്ഞെടുപ്പുകൊണ്ട് കഴിഞ്ഞെന്നും അന്‍വര്‍ പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ഇത് മനസിലാക്കണം. മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റാന്‍ പാര്‍ട്ടി ആവശ്യപ്പെടണം. താങ്കളെകൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറയാന്‍ ആര്‍ജവം കാണിക്കണം. 2026 ല്‍ ഇക്കാര്യം ജനം പറയും.
വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ 2026 ല്‍ ആര്‍ക്കും എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. 130 കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. അവരുമായി മുന്നോട്ടു പോകും. ഒരുപാട് സാമൂഹിക സംഘടനകള്‍ പിന്തുണ അറിയിച്ചുവെന്നും അന്‍വര്‍ വ്യക്തമാക്കി.