തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച നിലപാട് തിരുത്തി സിപിഎം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തില്‍ പി.വി അന്‍വര്‍ ഘടകമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നിലമ്പൂരിലെ ഇടത് വോട്ടുകള്‍ അന്‍വര്‍ പിടിച്ചുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദേഹം വ്യക്തമാക്കി.
പി.വി അന്‍വര്‍ ഒരു ഘടകമേ അല്ലെന്നായിരുന്നുതിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍. അന്‍വറിന്റെ കൂടെ ഒരു ഇടത് സഹയാത്രികന്‍ പോലും പോയിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും എം.വി ഗോവിന്ദന്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ് സിപിഎം.
കോണ്‍ഗ്രസിന് ഒപ്പം തന്നെയാണ് അന്‍വര്‍ ഉള്ളതെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വഞ്ചിച്ചു പോയ വഞ്ചകനായ അന്‍വറിന് കുറച്ച് വോട്ടു നേടാന്‍ സാധിച്ചുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
പി.വി അന്‍വര്‍ കഴിഞ്ഞ ഒമ്പതു വര്‍ഷം നിലമ്പൂരില്‍ എംഎല്‍എ ആയിരുന്നു. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് അവിടെ കുറേ വികസന പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തിരുന്നു. ആ വികസന പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ അന്‍വറിന് ഗുണമായി. അന്‍വര്‍ പിടിച്ചതില്‍ ഇടതു മുന്നണിയുടെ വോട്ടുകളും ഉണ്ടെന്നും അദേഹം സമ്മതിച്ചു. എന്നാല്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ല എന്ന് പാര്‍ട്ടി സെക്രട്ടറി ആവര്‍ത്തിച്ചു.
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ വലിയ തോതില്‍ പരാജയം സംഭവിച്ചു. അതൊരു പാഠമാക്കി എടുത്ത് വരും നാളുകളില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന വിലയിരുത്തല്‍ സിപിഎം നേതൃ യോഗത്തിലുണ്ടായി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ വിശദമായ വിലയിരുത്തലാണ് ഒരു ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലും രണ്ടു ദിവസം നീണ്ട സംസ്ഥാന സമിതി യോഗത്തിലും ഉണ്ടായത്.