ഔദ്യോഗിക ചടങ്ങുകളില്‍ ഇന്ത്യയുടെ ദേശീയ പതാകയും ദേശീയ ചിഹ്നങ്ങളും മതി; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഔദ്യോഗിക ചടങ്ങുകളില്‍ ഇന്ത്യയുടെ ദേശീയ പതാകയും ദേശീയ ചിഹ്നങ്ങളും മതി; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: രാജ്ഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങുകളില്‍ ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി. മന്ത്രിസഭാ തീരുമാനപ്രകാരം മുഖ്യമന്ത്രി നല്‍കിയ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രിസഭ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. ഭാരതാംബയുടെ മഹത്വവും രാജ്ഭവനിലെ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയ മന്ത്രി വി. ശിവന്‍കുട്ടിയുടെ നടപടിക്കെതിരെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ദേശീയ പതാകയും ദേശീയ ചിഹ്നവും ഉയര്‍ന്നുവന്ന പശ്ചാത്തലവും ഇന്ത്യയുടെ ദേശീയ പതാക എന്തായിരിക്കണമെന്ന പ്രമേയം സംബന്ധിച്ച് ഭരണഘടനാ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകളും പരാമര്‍ശിച്ചാണ് മന്ത്രിസഭ ഗവര്‍ണര്‍ക്ക് കത്തയച്ചത്. ഇന്ത്യയുടെ ദേശീയപതാക എങ്ങനെ ആയിരിക്കണമെന്ന ചര്‍ച്ച ഭരണഘടനാ അസംബ്ലിയില്‍ നടന്നപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗവും കത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യയുടെ ദേശീയപതാക രൂപകല്‍പന ചെയ്തപ്പോള്‍ സാമുദായികമോ സാമൂഹികമോ ആയ മറ്റൊരു പരിഗണനകളും ഉണ്ടായിരുന്നില്ലെന്ന നെഹ്‌റുവിന്റെ മറുപടിയാണ് കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

രാഷ്ട്രത്തെ പൊതുസ്ഥലങ്ങളില്‍, ഔദ്യോഗികമോ ഔപചാരികമോ ആയ പരിപാടികളില്‍ ഏതെങ്കിലും രൂപത്തില്‍ ചിത്രീകരിക്കാന്‍ ദേശീയ പതാകയായ ത്രിവര്‍ണ പതാക മാത്രമേ ഉപയോഗിക്കാവൂ എന്നും മറ്റേതെങ്കിലും പതാകയോ ചിഹ്നമോ പ്രദര്‍ശിപ്പിക്കുന്നത് നമ്മുടെ ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് സരോജിനി നായിഡു വ്യക്തമാക്കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ജൂണ്‍ 25 ന് ചേര്‍ന്ന മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷമാണ് സന്ദേശം കൈമാറുന്നതെന്ന് കത്തില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.