ക്രൈസ്തവ ജീവനക്കാരെക്കുറിച്ചുള്ള അനാവശ്യ വിവരാന്വേഷണങ്ങള്‍ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തണം: കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍

ക്രൈസ്തവ ജീവനക്കാരെക്കുറിച്ചുള്ള അനാവശ്യ വിവരാന്വേഷണങ്ങള്‍ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തണം: കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍

കൊച്ചി: ക്രൈസ്തവ ജീവനക്കാരെക്കുറിച്ചുള്ള അനാവശ്യ വിവരാന്വേഷണങ്ങള്‍ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തണമെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍. ദുരുദ്ദേശ്യപരമായ പരാതിയെ തുടര്‍ന്ന് ക്രൈസ്തവരായ സ്‌കൂള്‍ ജീവനക്കാരെക്കുറിച്ച് വിവരശേഖരണം നടത്താന്‍ ഉദ്യമിച്ച വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത് കേവലം രണ്ട് മാസങ്ങള്‍ക്ക് മുമ്പാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

മുമ്പ് പരാതി ഉന്നയിച്ച അതേ വ്യക്തി തന്നെ വീണ്ടും കോളജുകളിലെ ജീവനക്കാരായ പുരോഹിതരെയും സന്യസ്തരെയും കുറിച്ചുള്ള വിവരാന്വേഷണം നടത്തിയതിനെ തുടര്‍ന്ന് വിവരങ്ങള്‍ ലഭ്യമാക്കാന്‍ തൃശൂര്‍ കോളജിയേറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കോളജുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തസ്തികകളിലും നിയമനങ്ങളിലും മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ ഇല്ല എന്നിരിക്കെ ഇത്തരം വിവരാന്വേഷണങ്ങളും അനുബന്ധ വാര്‍ത്തകളും തെറ്റിദ്ധാരണകള്‍ക്കും മതസ്പര്‍ധയ്ക്കും കാരണമാകുമെന്നതിനാല്‍ ഇതുപോലുള്ള നീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ദുരുദ്ദേശ്യപരമായ ഇത്തരം പരാതികളിന്മേല്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ വിവേചന ബുദ്ധി പ്രകടിപ്പിക്കേണ്ടതുണ്ട്. മുമ്പ് ഈ വിഷയത്തില്‍ ഇടപെട്ട വിദ്യാഭ്യാസ മന്ത്രി അടിസ്ഥാന രഹിതമായ പരാതിയുന്നയിച്ച വ്യക്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചിരുന്നു. പ്രസ്തുത പരാതിയില്‍ മാതൃകാപരമായ നടപടി സ്വീകരിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയ്യാറാകണം.

മത സ്പര്‍ദ്ധ സൃഷ്ടിക്കുകയും വിഭാഗീയ ചിന്തകള്‍ക്ക് വഴിയൊരുക്കുകയും ദുഷ്പ്രചാരണങ്ങള്‍ നടത്തി സാമൂഹ്യ ഐക്യത്തിനും സമാധാനത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്ന വ്യക്തികളെയും അവര്‍ക്ക് പിന്‍ബലം നല്‍കുന്ന പ്രസ്ഥാനങ്ങളെയും സമൂഹം തിരിച്ചറിയുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യണമെന്നും കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.